വൻ നേട്ടമുണ്ടാക്കി ഓഹരിവിപണികൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, September 18, 2023 1:09 AM IST
തങ്കത്തളികയിലെന്നവണ്ണം നിക്ഷേപകന്റെ സ്വപ്നം യാഥാർഥ്യമാക്കി നിഫ്റ്റി 20,200 പോയിന്റിലേയ്ക്ക് പ്രവേശിച്ചു. ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റ് പൂർത്തിയാകുന്നതോടെ ചരിത്രനേട്ടത്തിലൂടെ 20,400 വരെ മുന്നേറാനുള്ള ഊർജം നിഫ്റ്റി കണ്ടെത്തുമെന്ന് കഴിഞ്ഞ മാസം നടത്തിയ വിലയിരുത്തൽ ശരിവച്ച പ്രകടനം ഇന്ത്യൻ മാർക്കറ്റിൽ ദൃശ്യമായി. നിഫ്റ്റി സൂചിക 372 പോയിന്റും സെൻസെക്സ് 1239 പോയിന്റും അഞ്ച് ദിവസത്തിൽ കൈയിൽ ഒരുക്കിയ ആവേശത്തിലാകും ഇന്ന് ഇടപാടുകൾ ആരംഭിക്കുക.
ഒരുമാസത്തിൽ ഏകദേശം നാല് ശതമാനം സൂചിക കുതിച്ചു. നിഫ്റ്റി നാലാഴ്ച്ചകളിൽ 757 പോയിന്റും സെൻസെക്സ് 2,436 പോയിന്റും കയറി. ചുരുങ്ങിയ കാലയളവിലെ ബുൾ തരംഗം കണ്ട് രംഗത്തുനിന്നും വിട്ടുനിന്ന പല ഇടപാടുകാരും പുതിയ പൊസിഷനുകൾക്ക് ഉത്സാഹിച്ചു. അവർക്ക് ആത്മവിശ്വാസം പകരും വിധമാണ് നടപ്പ് വർഷം മുൻനിര ഇൻഡക്സുകളിലെ മുന്നേറ്റം. സെപ്റ്റംബർ മധ്യം വരെയുള്ള ഒമ്പതുമാസക്കാലയളവിൽ സെൻസക്സ് 6,997 പോയിന്റും നിഫ്റ്റി 2,087 പോയിന്റും ഉയർന്നു, അതായത് 11 ശതമാനമെന്ന അസൂയാവഹമായ നേട്ടം.
തുടർച്ചയായ മുന്നാം വാരത്തിലും മുന്നേറിയ വിപണി ഇതിനിടയിൽ മറ്റൊരു പുതിയ റിക്കാർഡും സ്ഥാപിച്ചു. 2007 ഒക്ടോബർ ഏഴിനു ശേഷം ബോംബെ സെൻസെക്സ് ഏറ്റവും ദൈർഘ്യമേറിയ റാലി കാഴ്ചവച്ചു. തുടർച്ചയായി 11 ദിവസങ്ങളിൽ ഉയർന്നു. ഇത്തരം പ്രകടനം ഇതിന് മുന്പ് സംഭവിച്ചത് 1983 ജൂണിലും, 2003, 2007 വർഷങ്ങളിൽ ഒക്ടോബറിലുമാണ്.
19,819ൽ നിന്നും നിഫ്റ്റി മുൻവാരം സുചിപ്പിച്ച ആദ്യ പ്രതിരോധം തകർത്ത് റിക്കാർഡായ 19,991വും മറികടന്ന് ചരിത്രത്തിൽ ആദ്യമായി 20,000ൽ പ്രവേശിച്ച വിപണി ബുൾ റാലിയിൽ 20,222 വരെ ഉയർന്നു, വ്യാപാരാന്ത്യം 20,192 പോയിന്റിലാണ്. ഈ വാരം 20,320ലേയ്ക്ക് സഞ്ചരിക്കാനുള്ള ഊർജം സംഭരിച്ചാൽ 20,449 പോയിന്റ് കൈപ്പിടിയിൽ ഒതുക്കാനാകും. സൂചികയ്ക്ക് 19,964ലും 19,737ലും താങ്ങുണ്ട്.
നിഫ്റ്റി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ ബുള്ളിഷാണ്. എംഎസിഡി യും ശക്തമായ നിലയിൽ. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫുൾ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബ്രോട്ട്.
നിഫ്റ്റി ഫ്യൂച്ചർ തുടർച്ചയായി ഉയർന്ന് 20,250ലെത്തി. നിഫ്റ്റി ഫ്യൂച്ചറുകളുടെ ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തിലെ 111 ലക്ഷം കരാറുകളിൽനിന്നും ഏകദേശം 126 ലക്ഷം കരാറുകളായി. ഈയൊരു വർധന വിരൽ ചൂണ്ടുന്നത് പുതിയ ബുൾ ഓപ്പറേറ്റർമാർ വിപണിയിൽ ഇടം പിടിച്ച സാഹചര്യത്തിൽ 20,320ന് മുകളിൽ സൂചിക സഞ്ചരിക്കാം.
ചരിത്രം തിരുത്തിയ പ്രകടനം കാഴ്ചവച്ച ആവേശത്തിലാണ് സെൻസെക്സ്. 66,662 ഓപ്പൺ ചെയ്ത സൂചിക ശരവേഗത്തിൽ ഓരോ ദിവസവും മുന്നേറി. തളർച്ച അറിയാതെ 11 ദിവസങ്ങളിലെ കുതിപ്പിൽ പുതിയ റിക്കോർഡ് സൃഷ്ടിച്ച് 67,927 വരെ ഉയർന്നെങ്കിലും വ്യാപാരാന്ത്യം 67,838 പോയിന്റിലാണ്. വിപണിക്ക് 68,251- 68,664ൽ പ്രതിരോധവും 67,101-66,364ൽ താങ്ങുമുണ്ട്.
ഓഹരി വിപണി ഉത്സവപ്രതീതിയിൽ ആറാടുമ്പോൾ രൂപയുടെ തകർച്ച തടയാൻ ധനമന്ത്രാലയവും കേന്ദ്ര ബാങ്കും പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. റിക്കാർഡ് മൂല്യത്തകർച്ച തടയാൻ നടത്തിയ ശ്രമത്തിനിടയിൽ രൂപ 82.94ൽ നിന്നും 83ലേയ്ക്ക് ദുർബലമായഘട്ടത്തിൽ തന്നെ കരുതൽ ശേഖരത്തിൽനിന്നും ഡോളർ ഇറക്കിയിട്ടും മൂല്യം 83.21ലേയ്ക്ക് ഇടിഞ്ഞ ശേഷം 83.19ലാണ്. രൂപയ്ക്ക് 25 പൈസയുടെ മൂല്യത്തകർച്ച.
അസംസ്കൃത എണ്ണ വിലക്കയറ്റം ഇന്ത്യൻ നാണയത്തെ വട്ടം കറക്കാം. രൂപ 84.49ലേയ്ക്ക് ദുർബലമാകുന്ന അവസ്ഥ. നാണയപ്പെരുപ്പം നിയന്ത്രിച്ചെങ്കിലും ഓഹരി സൂചിക റിക്കോർഡിൽനിന്നും തിരിയുന്നതോടെ രൂപയുടെ മൂല്യത്തിൽ വൻ തകർച്ചയ്ക്ക് സാധ്യത.
നടപ്പ് വർഷം വിദേശ ഓപറേറ്റർമാർ ഇതുവരെ 1,30,519 കോടി രൂപയുടെ ഓഹരി വാങ്ങി. അവർ പിന്നിട്ടവാരം 2,679 കോടി രൂപയുടെ വില്പനയും 1,932 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 3,414 കോടി രൂപയുടെ ഓഹരി വാങ്ങി, ഇതിനിടയിൽ അവർ 51 കോടി രൂപയുടെ വില്പന നടത്തി. യുഎസ് ഫെഡ് റിസർവ് ഈ വാരം വായ്പ അവലോകനം നടത്തും. പലിശയിൽ മാറ്റത്തിന് സാധ്യതയില്ലെങ്കിലും ഡിസംബറിനു മുന്നേ നിരക്കുകളിൽ ഭേദഗതി വരുത്താം.
ജി-20 ഉച്ചകോടി സൃഷ്ടിച്ച ആത്മവിശ്വാസവും ആഗോള ഓഹരി സൂചികകളിലെ ഉണർവും മൺസൂൺ അവസാന റൗണ്ടിൽ മഴയുടെ അളവ് മെച്ചപ്പെട്ടതും ഓഹരി വിപണിക്ക് അനുകൂലമാണ്.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1918 ഡോളറിൽനിന്നും 1931 ഡോളർ വരെ കയറി, വാരാന്ത്യം 1924 ലാണ്. ഡെയ്ലി ചാർട്ടിൽ സ്വർണത്തിന് 1897-1880 ഡോളറിൽ സപ്പോർട്ടുണ്ട്.