സഹകരണസംഘം ജീവനക്കാരുടെയും സഹകാരികളുടെയും വായ്പാ ബാധ്യത പരസ്യമാക്കണം
Saturday, September 16, 2023 2:38 AM IST
തിരുവനന്തപുരം: സഹകരണ മേഖലയിലെ ക്രമക്കേടു തടയുന്നതിനായി ജീവനക്കാരുടെയും സഹകാരികളുടെയും കുടുംബാംഗങ്ങളുടെയും വായ്പാ ബാധ്യത വാർഷിക പൊതുയോഗത്തിൽ പരസ്യമാക്കണമെന്നു സഹകരണ സംഘം മൂന്നാം ഭേദഗതി ബില്ലിന്റെ വ്യവസ്ഥയിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി വി.എൻ. വാസവൻ.
ടീം ഓഡിറ്റാകും ഇനി മുതൽ സഹകരണ സംഘങ്ങളിൽ ഏർപ്പെടുത്തുക. ക്രമക്കേട് കണ്ടെത്തിയാൽ വിജിലൻസിനു നേരിട്ട് അന്വേഷിക്കാൻ കഴിയുന്ന വിധത്തിൽ ചട്ടം നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭ പാസാക്കിയ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടം നിർമിക്കാൻ സഹകരണ രജിസ്ട്രാർ കണ്‍വീനറായ ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി.
ചട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനാണു നിർദേശം. സഹകരണ സംഘത്തിന്റെ ആസ്തി ഉപയോഗിച്ച് ഇതര കന്പനികളും അനുബന്ധ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യുന്ന നടപടി പൂർണമായും അവസാനിപ്പിക്കും.
ഒബിസി വിഭാഗങ്ങൾക്ക് പിഎസ്സി നടത്തുന്ന നിയമനങ്ങൾക്കു തുല്യമായ സംവരണം ഏർപ്പെടുത്തുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.