സിയാൽ വാർഷിക പൊതുയോഗം 25ന്
Friday, September 15, 2023 3:55 AM IST
നെടുമ്പാശേരി: ഈ മാസം 25ന് നടക്കുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾക്ക് 35 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കും. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതമാണിത്. ഇക്കാര്യത്തിൽ ഡയറക്ടർ ബോർഡിന്റെ ശിപാർശ വാർഷിക പൊതുയോഗം അംഗീകരിക്കും.
25നു രാവിലെ 11ന് ഓൺലൈനായി നടക്കുന്ന പൊതുയോഗത്തിൽ കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കുകൾ അംഗീകരിച്ച് പാസാക്കുക, ലാഭവിഹിതം പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാന അജൻഡകൾ.
സിയാൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജൻ, വ്യവസായികളായ എം.എ. യൂസഫലി, ഡോ. പി. മുഹമ്മദാലി എന്നിവരുടെ കാലാവധി പൂർത്തിയായതിനാൽ ഇവരെ പുനർനിയമിക്കുന്നതിനുള്ള നിർദേശങ്ങളും അംഗീകരിക്കും.
കഴിഞ്ഞ സാമ്പത്തികവർഷം സിയാലിന്റെ വരുമാനം 770.9 കോടി രൂപയാണ്. പ്രവർത്തനലാഭം 521.5 കോടി രൂപയും അറ്റാദായം 267 കോടി രൂപയും.