റബറിനെ പിടിച്ചുലച്ച് ടയർ ലോബി
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Sunday, June 4, 2023 11:30 PM IST
കൊച്ചി: കാലവർഷത്തിന്റെ വരവ് മുന്നിൽക്കണ്ടു ടയർ ലോബി റബർ വിപണിയെ പിടിച്ചുലച്ചു. പരിഭ്രാന്തരായ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിറ്റു. സുഗന്ധവ്യഞ്ജന സംഭരണം കുറിച്ച് ഉത്പാദകന്റെ പൾസറിയാൻ ഉത്തരേന്ത്യൻ വ്യവസായികൾ ശ്രമം നടത്തുന്നു. ഭക്ഷ്യയെണ്ണകളുടെ വില കുറയ്ക്കണമെന്ന കേന്ദ്ര തീരുമാനം നാളികേര കർഷകർക്കു പുതിയ പ്രഹരമാവും.
മണ്‍സൂണ്‍ രാജ്യത്തു പ്രവേശിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തു കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ അവസരമാക്കി മാറ്റുകയാണു വ്യവസായികൾ. പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടതും പകൽ താപനിലയിലുണ്ടായ മാറ്റവും മണ്‍സൂണിന്റെ വരവ് വിളിച്ചോതിയതോടെ ക്വട്ടേഷൻ നിരക്ക് താഴ്ത്തി ടയർ കന്പനികൾ ഓഫർ ഇറക്കി.
ന്യൂനമർദ്ദ ഫലമായി ശ്രീലങ്കൻ ഭാഗത്തു രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഭാഗമായുള്ള മഴയാണ് ഇപ്പോൾ സംസ്ഥാനത്തു ലഭ്യമാവുന്നത്. അതേസമയം, മണ്‍സൂണ്‍ മേഘങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹവും കടന്ന് ലക്ഷദ്വീപിലേക്കു പ്രവേശിച്ചു. കാലാവസ്ഥ മാറ്റങ്ങൾക്കിടയിൽ ഒരു വിഭാഗം ചെറുകിട റബർ കർഷകർ റബർ മരങ്ങളിൽ റെയിൻ ഗാർഡുകൾ ഇട്ടു തുടങ്ങി. അടുത്ത വാരത്തോടെ ഇതു പൂർത്തിയാക്കാനുള്ള ശ്രമത്തിലാണു പലരും. മഴയ്ക്കിടയിൽ ഒരു പരിധിവരെ റബർ ടാപ്പിംഗ് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ.
അതേസമയം, ഒട്ടുമിക്ക വൻകിടതോട്ടങ്ങളും നിശ്ചലമാണ്. താഴ്ന്ന ഷീറ്റ് വിലയും ഉയർന്ന കാർഷികച്ചെലവുകളും തോട്ടങ്ങളെ റെയിൻ ഗാർഡിൽനിന്നു പിന്തിരിപ്പിക്കുന്നു. പല തോട്ടങ്ങളും വളപ്രയോഗങ്ങളിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ കേരളത്തിൽ റബർ ഉത്പാദനം കുറയാം. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ഓഫ് സീസണിലെ വിലക്കയറ്റം സ്വപ്നംകണ്ട കേരളത്തിലെ റബർ ഉത്പാദകരെ മൊത്തതിൽ നിരാശയിലാക്കി ടയർ ലോബി റബർ വില ചുരുങ്ങിയ ദിവസങ്ങളിൽ ക്വിന്റലിന് 500 രൂപ ഇടിച്ചു. ആഭ്യന്തര റബർ ഉത്പാദനം 10 വർഷത്തിനിടയിലെ ഏറ്റവും ഉയർച്ചയിലെത്തിയതാണു നിരക്കിടിക്കാൻ ടയർ ലോബിയെ പ്രേരിപ്പിച്ചത്. പിന്നിട്ട വർഷം റബർ ഉത്പാദനം 8.39 ലക്ഷം ടണ്ണിൽ എത്തിയെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ വിലയിരുത്തൽ.
വിപണിവില ഇടിക്കാൻ തക്കം പാത്തുനിന്ന ടയർ ലോബിക്കു ലഭിച്ച കച്ചിത്തുരുന്പ് നേട്ടമാക്കി അവർ നാലാം ഗ്രേഡ് ഷീറ്റ് വില 15,600ലേക്കു താഴ്ത്തി. അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 14,700-15,300 നിലവാരത്തിൽ വ്യാപാരം നടന്നു. ഒട്ടുപാൽ വില 8900ലേക്കു താഴ്ന്നു. ലാറ്റക്സ് വില 11,500ൽനിന്നും 11,100 രൂപയായി.
കറുത്തപൊന്നിലെ കള്ളക്കളി
അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക് കർഷകന്റെ പൾസറിയാനുള്ള ശ്രമത്തിലാണ്. ഉത്പന്നം ഓഫ് സീസണ് വിലക്കയറ്റത്തിനായി ഒതുങ്ങിയ തക്കത്തിനു രംഗത്തുനിന്നും അകന്ന്, സ്റ്റോക്കിസ്റ്റുകളെയും കർഷകരെയും സമ്മർദ്ദത്തിലാക്കാനാകുമോയെന്ന പരീക്ഷണത്തിലാണു വാങ്ങലുകാർ. അനവസരത്തിലെ വാങ്ങലുകാരുടെ പിൻമാറ്റംമൂലം നിരക്ക് അല്പം കുറഞ്ഞു. എന്നാൽ ഉദ്ദേശിച്ചരീതിയിൽ മുളക് വിൽപ്പനയ്ക്കെത്തിയില്ല. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 51,200 രൂപയിൽനിന്നും 50,800 രൂപയായി. അണ്‍ഗാർബിൾഡ് 48,800 രൂപ.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6300 ഡോളറാണ്. ബ്രസീൽ 3700 ഡോളറിനും വിയറ്റ്നാം ടണ്ണിന് 3800 ഡോളറിനും ഇന്തോനേഷ്യ 3900 ഡോളറിനും ക്വട്ടേഷനിറക്കി. ശ്രീലങ്കൻ കയറ്റുമതിക്കാർ ഇന്ത്യയുമായി 5100 ഡോളറിനു കുരുമുളക് വില്പനയ്ക്കുള്ള ശ്രമത്തിലാണ്.
ഏലത്തിന് ഇടിവ്
ശരാശരി ഇനം ഏലക്ക 1000 രൂപയിലെ നിർണായകതാങ്ങ് നിലനിർത്താൻ പല അവസരത്തിലും ക്ലേശിച്ചു. ഇടപാടുകാർ ലേലത്തിൽ സജീവമായിരുന്നങ്കിലും നിരക്ക് പരമാവധി ഇടിക്കാൻ അവർ സംഘടിതശ്രമം നടത്തി. ഇത് ഒരു പരിധിവരെ വിജയിച്ചു. കിലോ 950 റേഞ്ചിലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം അല്പമുയർന്നു.
ഭക്ഷ്യയെണ്ണ വില കുറയ്ക്കണമെന്ന കേന്ദ്രതീരുമാനം എണ്ണക്കുരു കർഷകരെ പ്രതിസന്ധിയിലാക്കും. രാജ്യാന്തരവില ഇടിഞ്ഞതിനാൽ കിലോ എട്ടു മുതൽ 12 രൂപ വരെ അടിയന്തരമായി കുറയ്ക്കാനാണു പാക്കറ്റ് നിർമാതാക്കളോടു കേന്ദ്രം ആവശ്യപ്പെട്ടത്. നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 12,600 രൂപയിലും കൊപ്ര 8050 രൂപയിലുമാണ്. കാങ്കയത്ത് കൊപ്ര 7600 വരെ ഇടിഞ്ഞു.
സ്വർണം താഴോട്ട്
ആഭരണ കേന്ദ്രങ്ങളിൽ സ്വർണവില വീണ്ടും താഴ്ന്നു. രണ്ടാഴ്ചയ്ക്കിടയിൽ പവന് 800 രൂപ കുറഞ്ഞു. പോയവാരം പവൻ 44,440ൽനിന്നും 44,240 രൂപയായി. ഒരു ഗ്രാമിനു വില 5530 രൂപ.