വിപണിയില്‍ മുന്നേറ്റം; ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ ഇളവുകള്‍
ഓഹരി അവലോകനം / സോണിയ ഭാനു
Sunday, June 4, 2023 11:30 PM IST
കൊച്ചി: വ്യക്തമായ വിലയിരുത്തലുമായി ചുവടുവച്ച് മുന്നേറുകയാണ് ഇന്ത്യൻ വിപണി. മണ്‍സൂണ്‍ മേഘങ്ങളെത്തി, പണപ്പെരുപ്പം കൈപ്പിടിയിൽ ഒതുങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണു ധനമന്ത്രാലയം. ബാങ്കിംഗ് മേഖലയിൽ കൂടുതൽ ഇളവുകൾക്കു സാധ്യതയേറുന്നു.
അടുത്ത യോഗത്തിൽ റീപ്പോ നിരക്കിൽ ഇളവുകൾ വരുത്തി യുഎസ്-യൂറോപ്യൻ കേന്ദ്ര ബാങ്കുകളെ ഞെട്ടിക്കാനുമിടയുണ്ട്. സാന്പത്തിക-വ്യാവസായിക മേഖലയിലെ ഉണർവും വിദേശനിക്ഷേപകരുടെ പിന്തുണയും വിലയിരുത്തിയാൽ നടപ്പു സാന്പത്തികവർഷം നിഫ്റ്റി 20,000 പോയിന്റിലെത്തിയേക്കാം.
തമ്മിൽഭേദം രൂപതന്നെ
ഫോറെക്സ് മാർക്കറ്റിലെ ചലനങ്ങളും അയൽരാജ്യങ്ങളിലെ സാന്പത്തിക സ്ഥിതിയുമായി വിലയിരുത്തുന്പോൾ ഇന്ത്യൻ രൂപയുടെ സഞ്ചാരം അദ്ഭുതപ്പെടുത്തുന്നതാണ്. ജനുവരി മുതൽ ജൂണ്‍ നാലു വരെയുള്ള കാലയളവിൽ ഡോളറിനു മുന്നിൽ രൂപ 81.50-83.18 റേഞ്ചിൽ സഞ്ചരിച്ചു. വാരാരംഭത്തിൽ 82.56ൽ നിന്നും മുൻവാരം സൂചിപ്പിച്ച 82.87ലേക്കു ദുർബലമായശേഷം 82.33ലാണ്. ഈ വാരം രൂപ കരുത്തിനു ശ്രമിച്ചാൽ 82.10നു തടസം നേരിടാം.
ഇന്ത്യയിൽ പണമിറക്കാൻ വിദേശ ഫണ്ടുകളുടെ ഉത്സാഹം വർഷത്തിന്റെ രണ്ടാം പകുതിയിലും തുടർന്നാൽ ഇൻഡക്സുകളിലും ഓഹരി വിലകളിലും കുതിപ്പ് പ്രകടമാവും. മേയിൽ 43,838 കോടി രൂപ വിദേശ ഓപ്പറേറ്റർമാർ നിക്ഷേപിച്ചു. ചൈനയിൽനിന്നും വൻതോതിൽ പണം പിൻവലിച്ച വിദേശ ഓപ്പറേറ്റർമാർ, ജാപ്പനീസ് മാർക്കറ്റിൽ ഇറക്കി. ഹിഡൻബർഗ് അദാനിക്കുനേരെ തൊടുത്ത അസ്ത്രം ഒരു പരിധി വരെ വിദേശ ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസത്തിനു മങ്ങലേൽപ്പിച്ചതിനാൽ മാർച്ച്-ഏപ്രിലിൽ നിക്ഷേപം കുറഞ്ഞിട്ടുണ്ട്.
പുതിയ ജിഡിപി കണക്കുകൾ സന്പദ്വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നതിനാൽ വിദേശനിക്ഷേപം ഉയർന്നതലത്തിൽ നീങ്ങാം. മണ്‍സൂണ്‍ നിക്ഷേപകരിൽ സൃഷ്ടിക്കാൻ ഇടയുള്ള ആവേശം ഗ്രാമീണ, കാർഷിക സംബന്ധമായ ഓഹരികളെ ശ്രദ്ധേയമാക്കാം.
അതേസമയം, എൽ നിനോ പ്രതിഭാസം മൂലം കാലവർഷത്തിന്റെ രണ്ടാം പകുതി ദുർബലമാകാം. അതായത്, നിലവിലെ ബുൾ റാലി ഓഗസ്റ്റിനുശേഷം അല്പം മങ്ങാമെങ്കിലും ദീപാവലിയോടനുബന്ധിച്ച് വീണ്ടും കത്തിക്കയറാം.
നിഫ്റ്റിയിൽ ലാഭമെടുപ്പ്
നിഫ്റ്റിയും നിഫ്റ്റി ജൂണ്‍ ഫ്യൂച്ചറും ഏകദേശം ഒരേ റേഞ്ചിലാണ്. ഷോർട്ട് കവറിംഗിന് ഒരു വിഭാഗം നിർബന്ധിതരായതായി അനുമാനിക്കാം. ഓപ്പണ്‍ ഇന്ററസ്റ്റിൽ രണ്ടു ലക്ഷം കരാറുകളുടെ കുറവുണ്ട്. ബുള്ളിഷ് മനോഭാവത്തിലാണെങ്കിലും ഈവാരം ഒരു കണ്‍സോളിഡേഷനു ശ്രമിക്കാം. നിഫ്റ്റി 18,499ൽനിന്നും ഒരവസരത്തിൽ 18,604 പോയിന്റിലെ പ്രതിരോധം തകർത്ത് 18,662 വരെ കയറിയതുകണ്ട്, ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചു. വാരാന്ത്യം നിഫ്റ്റി 18,534 പോയിന്റിലാണ്.
ഈ വാരം 18,642 പോയിന്റിൽ പ്രതിരോധം തലയുയർത്താം. ഇതിൽ സൂചികയുടെ കാലിടറിയാൽ 18,445 പോയിന്റിൽ താങ്ങ് കണ്ടെത്തിയേക്കും. 21 ഡേ മൂവിംഗ് ആവറേജായ 18,356ൽ ശക്തമായ സപ്പോർട്ട് നേട്ടമാക്കാൻ പുതിയ ബൈയർമാർ രംഗത്തിറങ്ങാം. അതേസമയം, 18,642 പോയിന്റിൽ പ്രതിരോധം തകർന്നാൽ സൂചിക 18,750 പോയിന്റിലേക്കും മാസത്തിന്റെ രണ്ടാം പകുതിയിൽ ബുൾ റാലിയിൽ 18,947 പോയിന്റിനെയും ഉറ്റുനോക്കാം.
പതറാതെ സെൻസെക്സ്
സെൻസെക്സ് 62,501 പോയിന്റിൽനിന്ന് 62,859ലെ പ്രതിരോധം തകർത്ത് 63,036 പോയിന്റുവരെ ഉയർന്നെങ്കിലും, പ്രതീക്ഷിച്ച രീതിയിൽ നേട്ടം നിലനിർത്താൻ വിപണിക്കായില്ല. വാരാന്ത്യം 178 പോയിന്റ് മികവിൽ 62,547ലാണ് സെൻസെക്സ്. 62,261ലെ ആദ്യ താങ്ങ് ഇന്ന് തുടക്കത്തിൽ നിലനിർത്താനുള്ള ശ്രമം വിജയിച്ചാൽ, 62,934 പോയിന്റിലേക്കും തുടർന്ന് 63,321ലേക്ക് വാരത്തിന്റെ രണ്ടാം പകുതിയിലും സൂചിക സഞ്ചരിക്കാം.
ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 61,975 വരെ തിരുത്തൽ തുടരാം. വിദേശഫണ്ടുകൾ പിന്നിട്ടവാരം 6519.7 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ആഭ്യന്തര ഫണ്ടുകൾ 1043 കോടി രൂപയുടെ വില്പനയും നടത്തി.
പൊന്നിന് ഇടിവ്
രാജ്യാന്തര വിപണിയിൽ സ്വർണം ട്രോയ് ഒൗണ്‍സിന് 1946 ഡോളറിൽനിന്ന് 1984 ഡോളറിലേക്കു കയറിയ വേളയിലെ വില്പനസമ്മർദ്ദത്തിൽ പഴയ നിലവാരമായ 1946 ഡോളറിലേക്കു താഴ്ന്നു. യുഎസ് കേന്ദ്രബാങ്കിന്റെ നീക്കങ്ങളെ നിരീക്ഷിക്കുകയാണ് ഓപ്പറേറ്റർമാർ. ഫെഡ് റിസർവ് മാസമധ്യം പലിശ സംബന്ധിച്ചു പുതിയ പ്രഖ്യാപനങ്ങൾ നടത്താം.