സ്വർണത്തിന് ഇവേബിൽ: നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരികൾ
Saturday, May 27, 2023 1:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണത്തിന് ഇവേബിൽ ഏർപ്പെടുത്തുന്നത് മേഖലയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(എകെജിഎസ്എംഎ) ഭാരവാഹികൾ പറഞ്ഞു.
ഒരു നികുതിക്കുമുകളിൽ സംസ്ഥാനങ്ങൾ നിബന്ധന നടപ്പാക്കുന്നത് ജിഎസ്ടിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ്.
പണിയിടത്തിൽനിന്ന് സ്വർണം കൊണ്ടുപോകാനും ഇവേബിൽ വേണ്ടിവരുന്നത് തൊഴിലാളിക്ക് നഷ്ടമാണ്. വ്യാപാരികളെയും നിബന്ധന പ്രതികൂലമായി ബാധിക്കും. നാലര പവന് പോലും ഇ വേബിൽ വേണമെന്ന നിബന്ധന സ്വർണപ്പണിക്കാരന് തൊഴിൽ നഷ്ടം ഉണ്ടാക്കും.
സ്വർണ വ്യാപര മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് നിവേദനം നൽകിയെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.