ഗൂഗിളിനു പിഴ: നടപടി ശരിവച്ചു
Wednesday, March 29, 2023 11:31 PM IST
ന്യൂഡൽഹി: ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ (സിസിഐ) 1,337.76 കോടി രൂപയുടെ പിഴ ചുമത്തിയ നടപടി നാഷണൽ കന്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ ശരിവച്ചു. 30 ദിവസത്തിനകം പിഴയടയ്ക്കാനും നിർദേശിച്ചു. സിസിഐ അന്വേഷണത്തിൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണൽ നടപടി. സിസിഐയുടെ വിധിയിൽ ചില നിർദേശങ്ങൾ ട്രൈബ്യൂണൽ റദ്ദാക്കിയിട്ടുണ്ട്.
വൻ തുക പിഴ ചുമത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഗൂഗിൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതിയും ഇക്കാര്യം നിരാകരിച്ചു. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു മേൽ മറ്റാർക്കും സാധിക്കാത്തവിധം ആധിപത്യം പുലർത്തിയതാണ് ഗൂഗിളിനെതിരായ നടപടി ക്ഷണിച്ചുവരുത്തിയത്. ഇന്ത്യയിലെ സാങ്കേതിക മേഖലയ്ക്ക് കൂടുതൽ ഗുണകരമാകുന്ന വിധിയാണിതെന്നാണു വിലയിരുത്തൽ.
ആൻഡ്രോയ്ഡ് ഫോണുകളിൽ തങ്ങളുടെ ആപ്ലിക്കേഷനുകൾ ഒഴിവാക്കാനാകാത്ത വിധം ഉൾപ്പെടുത്തിയതിനാണ് ഗൂഗിൾ പിഴയടയ്ക്കേണ്ടിവരുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഇനി ഇന്ത്യക്കാരുടെ അടുത്തേക്ക് എത്തുമെന്നാണ് മാപ് മൈ ഇന്ത്യ തലവൻ രോഹൻ വർമ വിധിയോടു പ്രതികരിച്ചത്.
പക്ഷേ, ഇന്ത്യയിൽ ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന സേവനങ്ങൾക്ക് വില കൂടാൻ ഈ വിധി കാരണമാകുമെന്നും വിലയിരുത്തലുണ്ട്.