ഫെഡറല് ബാങ്ക് കൊച്ചി മാരത്തൺ മേയ് ഒന്നിന്
Wednesday, March 29, 2023 11:31 PM IST
കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന് ലക്ഷ്യമിട്ട് പ്രഥമ ഫെഡറല് ബാങ്ക് കൊച്ചി മാരത്തണ് മേയ് ഒന്നിന് കൊച്ചിയിൽ നടക്കും. ക്ലിയോനെറ്റ്, സ്പോര്ട്സ്പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്പോര്ട്സിന്റെ ആഭിമുഖ്യത്തിലുള്ള മാരത്തണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് ഫ്ളാഗ് ഓഫ്. 42.195 കിലോമീറ്റര് മാരത്തണ്, 21.097 കിലോമീറ്റര് ഹാഫ് മാരത്തണ്, 10 കിലോമീറ്റര് റണ്, 3 കിലോമീറ്റര് ഗ്രീന് റണ് എന്നീ നാലു വിഭാഗങ്ങളിലായാണ് മത്സരം . വിനോദ ഓട്ടമായ ഗ്രീന് റണ്ണില് സ്കൂളുകള്, കോളജുകള്, ഹൗസിംഗ് സൊസൈറ്റികള്, വനിതാ സംഘടനകള്, കോര്പറേറ്റ് ജീവനക്കാര്, സന്നദ്ധസംഘടനകള് തുടങ്ങിയവർ പങ്കെടുക്കും.
കൊച്ചിയെ സ്പോര്ട്സ് ടൂറിസം കേന്ദ്രമായി ഉയര്ത്തുക എന്നതാണ് മാരത്തണിന്റെ ദീര്ഘകാല ലക്ഷ്യമെന്ന് സംഘാടകര് അറിയിച്ചു. ഹോട്ടല് ക്രൗണ് പ്ലാസയില് നടന്ന ചടങ്ങില് ജസ്റ്റീസ് ദേവന് രാമചന്ദ്രന് മാരത്തണിന്റെ ലോഗോ പ്രകാശനം ചെയ്തു.
കെഎംആര്എല് എംഡി ലോക്നാഥ് ബെഹ്റ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര് കെ. സേതുരാമൻ, ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് പി.വി. ശ്രീനിജിന് എംഎല്എ, കോസ്റ്റ് ഗാര്ഡ് ഡിഐജി എന്. രവി, ഫെഡറല് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കട്ടരാമന് വെങ്കിടേശ്വരന് തുടങ്ങിയവർ പങ്കെടുത്തു. ഓണ്ലൈന് രജിസ്ട്രേഷന് www.kochimarathon.in സന്ദര്ശിക്കുക.