ജീവനക്കാർക്ക് വീണ്ടും സ്വയം വിരമിക്കൽ പദ്ധതിയുമായി എയർ ഇന്ത്യ
Saturday, March 18, 2023 12:27 AM IST
ന്യൂഡൽഹി: ജീവനക്കാർക്ക് വീണ്ടും സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്)യുമായി എയർ ഇന്ത്യ രംഗത്ത്. പൈലറ്റ്, കാബിൻക്രൂ, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരൊഴികെയുള്ളവർക്കാണ് വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിനുശേഷം നടപ്പാക്കുന്ന രണ്ടാമത്തെ സ്വയം വിരമിക്കൽ പദ്ധതിയാണിത്. അഞ്ചു വർഷമെങ്കിലും സർവീസുള്ളവരും 40 വയസിനും അതിനു മുകളിലുമുള്ള സ്ഥിരം ജനറൽ കേഡർ ഓഫീസർമാർക്കും ക്ലറിക്കൽ ആൻഡ് അൺസ്കിൽഡ് വിഭാഗം ജീവനക്കാർക്കുമാണ് രണ്ടാംഘട്ടത്തിൽ വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചത്.
2022 ജൂണിൽ പൈലറ്റുമാർക്കും എയർ ഹോസ്റ്റസുമാർക്കും ക്ലർക്കുമാർക്കുമായി പ്രഖ്യാപിച്ച ഒന്നാംഘട്ട വിആർഎസ് പദ്ധതിയെത്തുടർന്ന് കന്പനിയിലെ മറ്റു വിഭാഗങ്ങളിലെ സ്ഥിരം ജീവനക്കാർക്കും വിആർഎസ് പദ്ധതി വേണമെന്ന് ജീവനക്കാരിൽനിന്ന് ആവശ്യമുയർന്നിരുന്നുവെന്നും ഇതെത്തുടർന്നാണ് രണ്ടാംഘട്ട വിആർഎസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ എസ്.ഡി.ത്രിപാഠി ഇന്നലെ ജീവനക്കാർക്കയച്ച സന്ദേശത്തിൽ പറയുന്നു.
വിആർഎസ് പദ്ധതിയിൽ താത്പര്യമുള്ളവരിൽനിന്ന് ഇന്നലെമുതൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷ നൽകാം. ചുരുങ്ങിയത് 2,100 പേരെങ്കിലും രണ്ടാംഘട്ട വിആർഎസ് പദ്ധതി ഉപയോഗപ്പെടുത്തുമെന്നാണ് സൂചന.
പൈലറ്റുമാരും എയർഹോസ്റ്റസുമാരുമുൾപ്പെടെ നിലവിൽ എയർ ഇന്ത്യയിൽ 11,000 ജീവനക്കാരാണുള്ളത്. ബോയിംഗ്, എയർബസ് കന്പനികളിൽനിന്നായി 470 വിമാനങ്ങൾ വാങ്ങിക്കാൻ അടുത്തിടെ എയർ ഇന്ത്യ തീരുമാനിച്ചത് വലിയ വാർത്തയായിരുന്നു.