മകന് ട്വിറ്ററിൽ അധിക്ഷേപവർഷം; മസ്കിനെ വിമർശിച്ച് ഗാരി ലിനേക്കർ
Thursday, March 16, 2023 1:35 AM IST
ലണ്ടൻ: ജോർജ് ലിനേക്കറിനെ ട്വിറ്ററിൽ അധിഷേപിച്ചതിനെതിരേ പിതാവും മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരവും സ്പോർട്സ് ടിവി അവതാരകനുമായ ഗാരി ലിനേക്കർ ട്വിറ്റർ മേധാവിക്കെതിരേ രംഗത്ത്. ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമ പ്രവർത്തകരിൽ ഒരാളാണ് 62 കാരനായ ഗാരി ലിനേക്കർ.
ബ്രിട്ടീഷ് സർക്കാരിന്റെ കുടിയേറ്റനയത്തെ വിമർശിച്ച് കഴിഞ്ഞ ആഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ബോട്ടിൽ എത്തുന്ന കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാനും നാടുകടത്താനുമുള്ള സർക്കാരിന്റെ പുതിയ പദ്ധതിയെ ലിനേക്കർ വിശേഷിപ്പിച്ചത്
30 കളിൽ ജർമനി ഉപയോഗിച്ചിരുന്നതിന് സമാനമല്ലാത്ത ഭാഷയിൽ ഏറ്റവും ദുർബലരായ ആളുകൾക്ക് നേരേയുള്ള അളക്കാനാവാത്ത ക്രൂരമായ നയമാണ് എന്നാണ്. വിമർശനം ഉന്നയിച്ചതിനു പിന്നാലെ അദ്ദേഹത്തെ ബിബിസി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തു.
ഈ വിഷയത്തിൽ പിതാവിനു പിന്തുണ പ്രഖ്യാപിച്ച് ജോർജ് രംഗത്തെത്തി. അതിനെത്തുടർന്നാണ് ജോർജിന് ട്വിറ്ററിൽ അധിക്ഷേപം നേരിടേണ്ടിവന്നത്. ഇന്നലെ ലിനേക്കർ തന്റെ മകന് ലഭിക്കുന്ന ’ഭീഷണി’കളുടെ സ്ക്രീൻഷോട്ട് പങ്കിടുകയും ചെയ്തു. അദ്ദേഹം എലോണ് മസ്കിനെ ടാഗ് ചെയ്യുകയും മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ ഭീഷണിപ്പെടുത്തുന്നത് സ്വീകാര്യമാണോ എന്ന് ചോദ്യം ചെയ്യുകയും ചെയ്തു. ലിനേക്കറിന്റെ ട്വീറ്റിന് മസ്ക് ഇതുവരെ മറുപടി നൽകിയിട്ടില്ല.
സസ്പെൻഷൻ സമയത്ത് മകൻ ജോർജ് പിതാവിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘തിരക്കേറിയ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ആ വൃദ്ധനെ ഓർത്ത് അഭിമാനിക്കുന്നു. ഒരു നല്ല വ്യക്തി ആയതിനും അദ്ദേഹം വാക്കിൽ ഉറച്ചുനിന്നതിനും മാപ്പ് പറയേണ്ടതില്ല. പൊതുജനങ്ങളുടെ പ്രതികരണം വളരെ വലുതാണ്. പിന്തുണയ്ക്ക് നന്ദി’ എന്നു കുറിക്കുകയും ചെയ്തു.
ബ്രിട്ടനിലെ സർക്കാർ ഒരു വർഷം പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ ഇംഗ്ലീഷ് ചാനലിന് കുറുകെ ചെറിയ ബോട്ടുകളിൽ രാജ്യത്തേക്ക് വരുന്നത് തടയാൻ ശ്രമിക്കുന്നു. ഇതിന്റെ പേരിൽ സർക്കാർ വിമർശനവിധേയമാവുന്നത് ആദ്യമൊന്നുമല്ല. നിരവധിപ്പേർ സർക്കാരിന്റെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തികൾക്കെതിരേ രംഗത്തു വന്നിരുന്നു.
ബോട്ടിലൂടെ കുടിയേറാൻ ശ്രമിക്കുന്നവരെ അവരുടെ മാതൃരാജ്യത്തിലേക്കോ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ നാടുകടത്താൻ ഭരണകൂടത്തിന് അനുമതി നൽകുന്നതാണ് പുതിയ കുടിയേറ്റ നയം. ഈനയം അന്താരാഷ്്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിമർശനം ഉയരുന്നുണ്ട്.