പോളിസി ഉടമകളുടെ പണം എല്‍ഐസിയില്‍ സുരക്ഷിതമെന്ന് ജീവനക്കാരുടെ സംഘടനകള്‍
Monday, February 6, 2023 12:09 AM IST
കൊച്ചി: എല്‍ഐസി ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ച പ്രക്ഷോഭങ്ങള്‍ ഉപേക്ഷിക്കണമെന്ന് എല്‍ഐസി ജീവനക്കാരുടെ സംഘടനകള്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പോളിസി ഉടമകളുടെ പണം എല്‍ഐസിയില്‍ സുരക്ഷിതമാണ്. എല്‍ഐസി ഓഹരി കമ്പോളത്തില്‍ ആകെ നിക്ഷേപിച്ചതിന്റെ വെറും ഏഴു ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഉള്ളത്.
പോളിസി ഉടമകളുടെ നിക്ഷേപത്തിന് മികച്ച ആനുകൂല്യം നല്‍കുക എന്ന ഉദ്ദേശത്തോടെ ജാഗ്രതയോടു കൂടിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങളാണ് എല്‍ഐസി നടത്താറുള്ളത്. ഇത് പാര്‍ലമെന്റിന്റെയും മറ്റു നിയന്ത്രണ അധികാരികളുടെയും പരിശോധനയ്ക്ക് വിധേയവുമാണ്. എല്‍ഐസിയുടെ നിക്ഷേപങ്ങളുടെ 80 ശതമാനവും ഗവ. സെക്യൂരിറ്റികള്‍ പോലുള്ള സുരക്ഷിത മേഖലകളിലാണ്.
20 ശതമാനം മാത്രമാണ് ഓഹരികളില്‍ നിക്ഷേപിക്കുന്നത്. അതിനാൽ നിക്ഷേപങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഫെഡറേഷന് ഓഫ് എല്‍ഐസി ക്ലാസ് വണ്‍ ഓഫീസേഴ്സ് അസോസിയേഷന്, നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്‍ഷ്വറന്‍സ് ഫീല്‍ഡ് വര്‍ക്കേഴ്സ് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇന്‍ഷ്വറന്‍സ് എംപ്ലോയീസ് അസോസിയേഷന്, ഓള് ഇന്ത്യ എല്‍ഐസി എംപ്ലോയീസ് ഫെഡറേഷന് എന്നീ സംഘടനകള്‍ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.