മികച്ച പ്രകടനം ആവർത്തിച്ച് ഇന്ത്യൻ ഒാഹരികൾ; നിക്ഷേപകർ ആത്മവിശ്വാസത്തിൽ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, January 23, 2023 12:23 AM IST
ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ രണ്ടാം വാരവും മികവാർന്ന പ്രകടനത്തിലുടെ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്താനുള്ള ശ്രമത്തിലാണ്. നിലവിൽ കൃത്യമായ ഒരു ടാർജറ്റിലാണ് സെൻസെക്സ് സഞ്ചരിക്കുന്നത്. രണ്ടാഴ്ചകളിലും 360 പോയിൻറ്റ് വീതം നേട്ടമാണ് സൂചിക കൈവരിച്ചത്. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് പുതിയ സംഭവ വികാസങ്ങളുടെ വരവിനെ വിപണി കാത്ത് നിൽക്കുവെന്ന്.
കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടുത്തവാരമാണ്, ഏതെല്ലാം മേഖലകളിൽ പുതിയ നികുതികൾ ഉയരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വിദേശ ഓപ്പറേറ്റർമാരെ ബാധിക്കും വിധം മൗറീഷ്യസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ നിർദ്ദേശങ്ങൾക്കുള്ള സാധ്യതകളെ കഴുകൻ കണ്ണുകളുമായി ഫണ്ടുകൾ ഉറ്റ്നോക്കുന്നു.
രാജ്യാന്തര കറൻസികൾക്ക് മുന്നിൽ രൂപയുടെ മുഖം മിനുക്കാൻ ധനമന്ത്രാലയം ബജറ്റ് അവസരമാക്കാം. ഒക്ടോബറിലെ റെക്കോർഡ് തകർച്ചയായ 83.30 ൽ നിന്നും രൂപ ഇതിനകം 223 പൈസയുടെ തിരിച്ചു വരവ് നടത്തി. പിന്നിട്ടവാരം മൂല്യം 81.34 ൽ നിന്നും 81.07 വരെ ശക്തിപ്രാപിച്ച ശേഷം 81.14 ലാണ്. നിലവിൽ രൂപയ്ക്ക് 80.47 80.16 ൽ ശക്തമായ തടസം നേരിടാം. ഇത് മറികടന്നുള്ള കരുത്ത് തൽക്കാലം രൂപയ്ക്ക് ഇല്ലെന്ന് വ്യക്തമായി മനസിലാക്കുന്ന വിദേശ ഫണ്ടുകൾ പുതിയ ബയിംഗിന് അവസരം പ്രയോജനപ്പെടുത്താം.
ബജറ്റിൽ രൂപയ്ക്ക് അനുകൂലമായ നിർദേശങ്ങളുണ്ടായാൽ വിനിമയ നിരക്ക് വരുന്ന പത്ത് മാസകാലയളവിൽ 78.43 വരെ സഞ്ചരിക്കാം. എന്നാൽ, കയറ്റുമതി
മേഖലയുടെ താളം നഷ്ടപ്പെടുന്ന നീക്കങ്ങൾ ആർബിഐയിൽ നിന്നും പ്രതീക്ഷിക്കാനാവില്ല. നിഫ്റ്റി സൂചിക 71 പോയിപ്രതിവാര മികവിൽ. 17,956 ൽ ട്രെഡിംഗ് ആരംഭിച്ച സൂചിക മുൻവാരം വ്യക്തമാക്കിയ 18,140 ലെ പ്രതിരോധം തകർത്ത് വ്യാഴാഴ്ച്ച 18,183 വരെ കയറി, ഈ കുതിപ്പിന് പിന്നിൽ അന്ന് 400 കോടി രൂപയുടെ ബയിംഗിന് വിദേശ ഓപ്പറേറ്റർമാർ കാണിച്ച ഉത്സാഹം മാത്രമായിരുന്നു. എന്നാൽ, വെളളിയാഴ്ച അവർ 2002 കോടി രൂപയുടെ വില്പന നടത്തി നിഫ്റ്റിയെ 18,027 പോയിന്റിലേയ്ക്ക് ഇടിച്ചു.
സൂചികയുടെ സാങ്കേതിക ചലങ്ങൾ വിലയിരുത്തിയാൽ ഈവാരം 17,859 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 18,189 ലേയ്ക്ക് ഒരു തിരിച്ച് വരവിന് ശ്രമിക്കാം. പ്രീബജറ്റ് റാലിക്ക് നീക്കം നടന്നാൽ നിഫ്റ്റി 18,351 ലേയ്ക്ക് കുതിക്കാം. വിപണിയുടെ സെക്കൻഡ് സപ്പോർട്ട് 17,691 ലാണ്.
ടെക്നിക്കൽ ഇൻഡിക്കേറ്ററുകൾ പലതും വ്യക്തമായ ഒരു ദിശയിലേയ്ക്ക് തിരിയുന്നതിനായി ഫണ്ടുകൾ കാത്ത് നിൽക്കുന്നു. സൂപ്പർ ട്രെൻറ് സെല്ലിങ് മൂഡിൽ നീങ്ങുമ്പോൾ പാരാബോളിക്ക് എസ് ഏ ആർ ബയ്യങിനും അനുകൂലമായി. മറ്റ് പല സിഗ്ന ലുകളും ന്യൂട്ടറൽ റേഞ്ചിലാണ്. ബജറ്റിനോട് അനുബന്ധിച്ച് വ്യക്തമായ ഒരു ദിശ വിപണി കൈവരിക്കും.
ബോംബെ സെൻസെക്സ് 60,261 ൽ നിന്നും തുടക്കത്തിൽ 59,962 ലേയ്ക്ക് തളർന്ന ശേഷം കൈവരിച്ച കരുത്തിൽ 61,113 വരെ ഉയർന്നു. എന്നാൽ കൂടുതൽ മികവിന് അവസരം നൽക്കാതെ മുൻ നിര ഓഹരികളിലെ വിൽപ്പന സമ്മർദ്ദത്തിൽ സൂചിക വാരാന്ത്യം 60,621 പോയിൻറ്റിലാണ്. ഈവാരം 60,018 ലെ സപ്പോർട്ട് നിലനിർത്തി 61,168 ലെ പ്രതിരോധം തകർക്കാനുള്ള ഊർജം സ്വരുപിച്ചാൽ അടുത്ത ചുവടിൽ സെൻസെക്സ് 61,715 നെ ലക്ഷ്യമാക്കും.
പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ 59,415 ലേയ്ക്ക് പരീക്ഷണങ്ങൾ നടത്താം. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരാണ്, അവർ 3513 കോടി രൂപ നിക്ഷേപിച്ചു. ജനുവരിയിൽ ഇതിനകം 13,556 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി. വിദേശ ഫണ്ടുകൾ ചെറിയ ബയിംഗിന് കഴിഞ്ഞ ദിവസം താത്പര്യം കാണിച്ചു. ആകെ 611 കോടി രൂപയുടെ ഓഹരി ശേഖരിച്ച അവർ മറ്റ് ദിവസങ്ങളിൽ 3072 കോടി രൂപയുടെ വില്പന നടത്തി.
ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 87 ഡോളറിലെത്തി. ജനുവരി ആദ്യ എണ്ണ വില 72.50 ഡോളറായിരുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1920 ഡോളറിൽ നിന്നും എട്ട് മാസത്തെ ഉയർന്ന നിരക്കായ 1938.60 ഡോളറിലെത്തിയ ശേഷം 1926 ഡോളറിലാണ്. 1919‐ 1911 ഡോളറിൽ താങ്ങ് നിലനിർത്തി സ്വർണം 1945‐1962 വരെ മുന്നേറാൻ ശ്രമം നടത്താം.