വാട്സ്ആപ് ചിത്രങ്ങളുടെ ക്വാളിറ്റി വർധിപ്പിക്കുന്നു
Saturday, January 21, 2023 1:14 AM IST
വാഷിംഗ്ടണ്‍: കംപ്രഷൻ കൂടാതെ ഒറിജിനൽ ക്വാളിറ്റിയിൽ ഫോട്ടോകൾ പങ്കിടാൻ ഇനിമുതൽ വാട്സ്ആപ്പിലും സാധിക്കും. പുതിയ ഫീച്ചർ ഉടൻതന്നെ വാട്സ്ആപ്പ് പുറത്തിറക്കും.
ചിത്രങ്ങൾ പങ്കിടുന്പോൾ, ഡ്രോയിംഗ് ടൂൾ ഹെഡറിലെ ഒരു പുതിയ ക്രമീകരണ ഐക്കണ്‍ അവ അയയ്ക്കുന്നതിന് മുന്‍പ് ചിത്രത്തിന്റെ ഗുണനിലവാരം ഒറിജിനലിലേക്കു മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കും. പുതിയ ഓപ്ഷൻ വീഡിയോകൾക്ക് ലഭ്യമാകാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സെർവർ ലോഡ് കുറയ്ക്കാനും ഫോണ്‍ മെമ്മറി ലാഭിക്കാനും വേണ്ടിയാണ് വാട്സ്ആപ് ഫോട്ടോകളും വീഡിയോകളും കംപ്രസ് ചെയ്തിരുന്നത്. കംപ്രഷനിലൂടെ ചിത്രങ്ങളുടെ റെസലൂഷനും വലിപ്പവും കുറയുകയും അവയുടെ ഡിസൈൻ/അച്ചടി ഉപയോഗക്ഷമത പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ ഫീച്ചർ കൂട്ടിച്ചേർക്കുന്നതിലൂടെ ഡാറ്റ ഉപയോഗം വർധിക്കും. ഫോട്ടോകൾ ഡൗണ്‍ലോഡ് ചെയ്യാൻ സെല്ലുലാർ ഡാറ്റയ്ക്കു പകരം വൈഫൈ ഉപയോഗിക്കുന്നതാണ് നല്ലത്. നിലവിൽ വാട്സ്ആപ്പിലൂടെ ഇപ്പോൾ അയയ്ക്കുന്ന ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ ചിത്രങ്ങളുടെ റെസലൂഷനും വലുപ്പവും ഉയരും.
ടെലിഗ്രാം, സിഗ്നൽ പോലുള്ള മറ്റ് മെസേജിംഗ് ആപ്പുകൾ ഇതിനകംതന്നെ വലിയ ഫയലുകളോ ഉയർന്ന റെസലൂഷൻ ചിത്രങ്ങളോ കൈമാറാൻ അനുവദിക്കുന്നുണ്ട്. വാട്ട്സ്ആപ് വളരെ പിന്നിലായിരുന്ന ഒരു സാങ്കേതിക മേഖലയാണിത്.