എയർ ഏഷ്യ ഇന്ത്യ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയെ എയർ ഇന്ത്യയിൽ ലയിപ്പിക്കാനൊരുങ്ങി ടാറ്റ
Saturday, November 19, 2022 12:21 AM IST
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മൂന്ന് വിമാന കന്പനികളെ ഒരു കുടക്കീഴിൽ ലയിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയെയും, ബജറ്റ് വിമാനമായ എയർ ഇന്ത്യ എക്സ്പ്രസിനെയും എയർ ഇന്ത്യയിൽ ലയിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
അതേസമയം, ലയനവുമായി ബന്ധപ്പെട്ടു ഒൗദ്യോഗികമായി പ്രതികരിക്കാൻ ടാറ്റ ഇതുവരെ തയാറായിട്ടില്ല. വിസ്താരയുടെ സംയുക്ത ഉടമകളായ ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും (എസ്ഐഎ) ലയനത്തിന് സമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലയന ശേഷമുള്ള കന്പനിയുടെ ഏകദേശം 75% ഓഹരികളും ടാറ്റയുടെ ഉടമസ്ഥതയിലായിരിക്കുമെന്നും ശേഷിക്കുന്ന 25% ഓഹരി എസ്ഐഎയുടെ കൈവശവുമാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ ടാറ്റയ്ക്കും എസ്ഐഎയ്ക്കും വിസ്താരയിൽ യഥാക്രമം 51%, 49% വീതം ഓഹരികളുണ്ട്.
നിർദിഷ്ട ലയനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്ിൽ പറയുന്നത്. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച് ഒരു വർഷത്തിനുള്ളിൽ ലയനം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷം തുടക്കത്തിലാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുന്നത്.
എയർ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി 300 നാരോ ബോഡി ജെറ്റുകൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കാനും, അതുവഴി വിവിധ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനുമാണ് പദ്ധതി. നിലവിൽ, എയർ ഇന്ത്യയ്ക്ക് കീഴിൽ 113 വിമാനങ്ങൾ ഉണ്ട്.