പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന പേരിൽ നികുതി വെട്ടിച്ച് സ്വർണം കടത്തുന്നു
Thursday, September 22, 2022 11:14 PM IST
കോഴിക്കോട്: അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി ചട്ടത്തിലെ അവ്യക്തത മുതലെടുത്ത് ശുദ്ധീകരിച്ച സ്വർണം പ്ലാറ്റിനത്തിൽ വലിയ തോതിൽ മിശ്രണം നടത്തി പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന പേരിൽ ഇറക്കുമതി ചെയ്തു നികുതി വെട്ടിപ്പ്.
സ്വർണം ഇറക്കുമതിക്കാരിൽ ചിലരും സ്വർണം കള്ളക്കടത്ത് സംഘങ്ങളുമാണു നിയമത്തിലെ അവ്യക്തത മുതലെടുത്തു തട്ടിപ്പിനിറങ്ങിയിട്ടുള്ളത്. ഇറക്കുമതി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്.
പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന വ്യാജേന സ്വർണം കൊണ്ടുവരികയാണ് ചെയ്യുന്നത്. സ്വർണത്തിന് 15 ശതമാനമാണ് ഇറക്കുമതി തീരുവ. എന്നാൽ പ്ലാറ്റിനം ലോഹക്കൂട്ടുകൾ ഇറക്കുമതി ചെയ്യുന്പോൾ 10.75 ശതമാനം നികുതി മാത്രമേ നൽകേണ്ടതുള്ളൂ.
ലോഹക്കൂട്ടിന്റെ 96 ശതമാനവും ശുദ്ധീകരിച്ച സ്വർണം ഉൾപ്പെടുത്തി ബാക്കി നാലു ശതമാനം മാത്രം പ്ലാറ്റിനം ചേർത്ത് ഇത് പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന നിലയിൽ ഇറക്കുമതി നടത്തുകയാണു ചെയ്യുന്നത്.
സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കുകയെന്നതു മാത്രമാണു വെട്ടിപ്പു തടയുന്നതിനുള്ള മാർഗമെന്നു ജ്വല്ലറി വ്യവസായ മേഖലയിലുള്ളവർ പറയുന്നു. ഇറക്കുമതിത്തീരുവ കുറച്ചാൽ സ്വർണം കള്ളക്കടത്തിന് വലിയൊരു പരിധി വരെ തടയിടാനാകുമെന്നും ജ്വല്ലറി ഉടമകൾ പറയുന്നു.