നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും കന്പനികളും ഒഴികെയുള്ള നികുതിദായകർ 2021-22 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാനതീയതി 2022 ജൂലൈ മാസം 31 ആണ്. ഇതു നിലവിലുളള നിയമം അനുസരിച്ചാണ്. മുൻകാലങ്ങളിൽ കോവിഡിന്റെ അതിപ്രസരം മൂലവും മറ്റു പല കാരണങ്ങൾകൊണ്ടും സമയപരിധി നീട്ടിയിരുന്നു. ശന്പളം ലഭിക്കുന്നവരും വാടക വരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്രൈറ്ററി ബിസിനസുകാരും പങ്കുവ്യാപാരസ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡന്റ് മുതലായവ ലഭിക്കുന്നവരും ആദായനികുതി റീഫണ്ട് ഉള്ളവരും ജൂലൈ 31നുമുന്പ് റിട്ടേണ്‍ സമർപ്പിക്കണം. ഓഡിറ്റിന് വിധേയമാകുന്നവർക്ക് ഒക്ടോബർ 31വരെ റിട്ടേണുകൾ ഫയൽ ചെയ്യുവാൻ അവസരമുണ്ട്.
ആദായനികുതി നിയമം 92 ഇ വകുപ്പ് അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുന്ന നികുതിദായകർക്ക് നവംബർ 30വരെ റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യാൻ സാധിക്കും. റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് ആധാർ നന്പർ നൽകണം. ആധാർ നന്പർ ഇല്ലാത്ത വ്യക്തികൾ ആധാർ ആപ്ലിക്കേഷൻ സമർപ്പിച്ചതിനുള്ള എൻറോൾമെന്റ് ഐഡി നൽകിയാൽ മതി.
ഉപയോഗിക്കേണ്ട ഫോമുകൾ
ഐടിആർ 1 സഹജ്
ശന്പളം,പെൻഷൻ, വരുമാനം, ഒരു വീടിന്റെ മാത്രം വാടക ലഭിക്കുന്നവർ മറ്റു വരുമാനങ്ങളായ പലിശ, ഡിവിഡന്റ് മുതലായവ ലഭിക്കുന്നതും ഇന്ത്യയിൽ റെസിഡന്റായി
ട്ടുള്ളവർക്കുമാണ് ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാവുന്നത്.
എന്നാൽ 50 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്കുമുന്പ് വരുമാനം ഉള്ളവർ, ഹൗസ് പ്രോപ്പർട്ടിയുടെ വാടക ഇനത്തിൽ ഒന്നിൽ കൂടുതൽ വാടക ലഭിക്കുന്നവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും വരുമാനം ലഭിക്കുന്നവർ, 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നു വരുമാനം ലഭിക്കുന്നവർ, ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനം ഉള്ളവർ, വിദേശവരുമാനത്തിന് ടാക്സ് ക്രെഡിറ്റ് എടുക്കുന്നവർ, വിദേശത്ത് സ്വത്തുക്കൾ സൂക്ഷിച്ചിട്ടുള്ളവർ, വിദേശ ബാങ്കുകളിൽ ഓപ്പറേഷന് അധികാരം ലഭിച്ചിട്ടുള്ളവർ, വിദേശ വരുമാനം ഉള്ളവർ തുടങ്ങിയ വ്യക്തികൾക്ക് ഐടിആർ 1 (സഹജ്) ഉപയോഗിക്കാൻ സാധിക്കില്ല.
കൂടാതെ കന്പനിയിലെ ഡയറക്ടർ ആയിരിക്കുന്നവർ, ലിസ്റ്റ് ചെയ്യാത്ത കന്പനിയിലെ ഓഹരികൾ ഈ വർഷത്തിൽ ഏതെങ്കിലും സമയത്ത് സ്വന്തമാക്കിയിട്ടുള്ളവർ, 115 ബിബിഇ വകുപ്പനുസരിച്ച് വരുമാനം ഉള്ളവർ, 194എൻ അനുസരിച്ച് സ്രോതസിൽ നികുതി പിടിച്ചിട്ടുള്ളവർ തുടങ്ങിയവരും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കരുത്.
ആദായനികുതി റിട്ടേണുകളോടൊപ്പം ഒരു വിധത്തിലുള്ള പേപ്പറുകളും ഫയൽ ചെയ്യാൻ സാധിക്കില്ല. കൂടാതെ ഇലക്ട്രോണിക് ആയി ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചും അല്ലെങ്കിൽ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ചും ഫയൽ ചെയ്യാവുന്നതാണ്. കൂടാതെ ഇലക്ട്രോണിക് ആയി ഫയൽ ചെയ്തതിനുശേഷം ലഭിക്കുന്ന ഐടിആർ. v എന്ന അക്നോളജ്മെന്റ് ഫോം ഒപ്പിട്ടതിനുശേഷം ഒരു കോപ്പി പോസ്റ്റ് ബാഗ് നന്പർ 1, ഇലക്ട്രോണിക് സിറ്റി ഓഫീസ്, ബാംഗ്ലൂർ, കർണാടക സ്റ്റേറ്റ്, പിൻ - 560500 എന്ന വിലാസത്തിൽ അയച്ചു നൽകുക. പേപ്പർ റിട്ടേണുകൾ 80 വയസ് കഴിഞ്ഞു മുതിർന്ന പൗരന്മാർക്കു മാത്രമേ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ.
ആദായനികുതി നിയമം അനുസരിച്ച് മൊത്തവരുമാനം (80 സി, 80 ഡി, മുതലായ വകുപ്പുകൾ ഉൾപ്പെടുന്ന ചാപ്റ്റർ 5എയിലെ കിഴിവുകൾക്ക് മുന്‍പ്) 60 വയസിൽ താഴെ യുള്ള വ്യക്തികൾക്ക് 2,50,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസിൽ തഴെയുള്ള മുതിർന്ന പൗരന്മാർക്ക് 3,00,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസിൽ കൂടുതലുള്ളവർക്ക് 5,00,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും നികുതി റിട്ടേണുകൾ ഫയൽ ചെയ്യണം. നികുതിക്ക് തൊട്ടുമുന്പിലുള്ള വരുമാനം അല്ല ഇവിടെ കണക്കിലെടുക്കേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്നു. ആദായനികുതി ഡിപ്പാർട്ട്മെന്റിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ വേഗത്തിൽ അറിയുന്നതിനു സ്വന്തം മൊബൈൽ ഫോണ്‍ നന്പരും ഇമെയിൽ അഡ്രസും നൽകുന്നത് ഉചിതമാണ്.
പിൻകോഡുകൾ തെറ്റുകൂടാതെ പൂരിപ്പിക്കണം, ഫോം നന്പർ 16ൽ സൂചിപ്പിച്ചിരുന്ന വരുമാനത്തിൽ കൂടുതലാണ് യഥാർഥത്തിൽ ഉള്ളതെങ്കിൽ അതായിരിക്കണം റിട്ടേണിൽ കാണിക്കേണ്ടത്. ഒന്നിൽ കൂടുതൽ തൊഴിൽ ഉടമകളുടെ പക്കൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരിൽനിന്നും ലഭിച്ച വരുമാനം റിട്ടേണിൽ ഉൾപ്പെടുത്തുവാൻ വിട്ടുപോകരുത്. ബാങ്കിൽനിന്നു കടമെടുത്തു ഭവനം നിർമിച്ചിട്ടുള്ള നികുതിദായകർ താമസിക്കുന്ന പ്രോപ്പർട്ടിയുടെ വരുമാനം നെഗറ്റീവ് ആയതിനാൽ (പലിശമാത്രം) ഈ (-)ചിഹ്നം ഉപയോഗിക്കണം. ശന്പളത്തിന്റെയും ഹൗസ് പ്രോപ്പർട്ടി വരുമാനത്തിന്റെയും പൂർണമായ വിവരങ്ങൾ റിട്ടേണിൽ നൽകണം.
റിട്ടേണുകൾ ഫയൽ ചെയ്യാൻ താമസിച്ചാൽ പിഴ നിർബന്ധം
നിർദിഷ്ട തീയതിക്കുള്ളിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5,000 രൂപ പിഴ റിട്ടേണ്‍ സമർപ്പിക്കുന്ന സമയത്തുതന്നെ നിർബന്ധമായും അടയ്ക്കേണ്ടതാണ്. നികുതിക്കു മുന്‍പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ള നികുതിദായകർക്ക് പിഴ തുക 1000 രൂപയായി നിജപ്പെടത്തിയിട്ടുണ്ട്. 2022 ഡിസംബർ 31 നു ശേഷം 2021-22 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുവാൻ നിലവിലെ നിയമം അനുസരിച്ച് സാധ്യമല്ല. (അപ്ഡേറ്റഡ് റിട്ടേണുകൾ ഒഴികെ)
ഈ സാന്പത്തികവർഷം മുതൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ഒരു വർഷത്തിൽ 2.50 ലക്ഷം രൂപയിൽ കൂടുതൽ തുക ജോലിക്കാരൻ അടച്ചിട്ടുണ്ടെങ്കിൽ 2.50 ലക്ഷം രൂപയിൽ അധികം വരുന്ന തുകയുടെ പലിശയ്ക്ക് നികുതി ബാധ്യത ഉണ്ടായിരിക്കും.
ആദായനികുതി സ്ലാബുകൾ
എ) 60 വയസിൽ താഴെ പ്രായമുള്ളവരും ഇന്ത്യൻ റെസിഡന്റുമായിട്ടുള്ളവർക്ക്
1. 2,50,000 രൂപവരെ വരുമാനം ഉള്ളവർക്കു നികുതി ഇല്ല.
2. 2,50,000 രൂപയ്ക്കു മുകളിലും 5,00,000 രൂപയിൽ താഴെയും വരുമാനം ഉള്ളവർ
87 എ അനുസരിച്ച് റിബേറ്റ് ഉള്ളതിനാൽ നികുതിയില്ല.
3. 5,00,000 രൂപയ്ക്ക് മുകളിലും 1,00,0000 രൂപയിൽ താഴെയും വരുമാനം ഉള്ളവർക്ക് 12500 രൂപ + 5,00,000 രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 20% നികുതിയും ആകെ നികുതിക്ക് നാലു ശതമാനം സെസും
4. 10,00,000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് 1,12,500 രൂപ + 10,00,000 രൂപയ്ക്കു മുകളിൽ ഉള്ള തുകയ്ക്ക് 30 ശതമാനം നികുതിയും ആകെ നികുതിക്ക് നാലു ശതമാനം സെസും.
ബി) 60 വയസുമുതൽ 80 വയസുവരെ പ്രായമുള്ള ഇന്ത്യൻ റെസിഡന്റ്സിന്
1. 3,00,000 രൂപവരെ വരുമാനമുള്ളവർക്കു നികുതിയില്ല.
2. 3,00,000 രൂപയ്ക്ക് മുകളിൽ 5,00,000 രൂപവരെ വരുമാനം ഉള്ളവർക്കു 87 എ അനുസരിച്ച് റിബേറ്റ് ഉള്ളതിനാൽ നികുതിയില്ല.
3. 5,00,000 രൂപയ്ക്കു മുകളിൽ വരുമാനം 10,00,000 രൂപവരെ വരുമാനമുള്ളവർക്ക് ; 10,000 രൂപ + 5 ലക്ഷം രൂപയുടെ മുകളിലുളള തുകയ്ക്ക് 20% നികുതിയും ആകെ നികുതിക്ക് നാലു ശതമാനം സെസും.
4. 10,00,000 രൂപയ്ക്കു മുകളിൽ വരുമാനം ഉള്ളവർക്ക് ; 1,10,000 രൂപ + 10,00,000 രൂപയ്ക്ക് മുകളിൽ വരുമാനത്തിന് 30% നികുതിയും ആകെ നികുതിക്ക് നാലു ശതമാനം സെസും
സി) 80 വയസ് കഴിഞ്ഞവർക്ക്
1. വരുമാനം ആദ്യത്തെ 5,00,000 രൂപ വരെ : നികുതിയില്ല
2. 5,00,000 രൂപയ്ക്ക് മുകളിൽ 10,00,000 രൂപവരെ വരുമാനം ഉള്ളവർക്ക് : 5,00,000 ത്തിനു മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതിയും നാലു ശതമാനം സെസും.
3. 10,00,000 രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർക്ക് : 1,00,000 രൂപ + 10,00,000 ത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനം നികുതിയും ആകെ നികുതിക്ക് നാലു ശതമാനം സെസും.