കേരളത്തിന് ആവശ്യം 565 കോടി മുട്ടകള്‍; ആഭ്യന്തര ഉത്പാദനം 260 കോടി
Saturday, January 29, 2022 12:01 AM IST
പത്തനംതിട്ട: കേരളത്തില്‍ ഒരുവര്‍ഷം ഏകദേശം 565 കോടി മുട്ടകള്‍ ആവശ്യമാണെന്നും ഇതില്‍ 260 കോടി മുട്ടകളാണ് ആഭ്യന്തര ഉത്പാദനമെന്നും കെപ്കോ.
ഈ അന്തരം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് കെപ്കോ നടപ്പാക്കുന്നതെന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഏകദേശം 75 കോടി മുട്ടകള്‍ അധികമായി ഉത്പാദിപ്പിക്കാനായി.
പ്രതിവര്‍ഷം 300 മുട്ടകള്‍ വരെ ലഭിക്കുന്ന ബിവി 380 ഇനത്തില്‍പ്പെട്ട കോഴികളുടെ വിപണനമാണ് കെപ്കോ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനം കെപ്കോ ഏറ്റെടുത്തിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി കൂടുതലുള്ള കോഴികള്‍ മുട്ട ഉത്പാദനത്തിനുശേഷം രണ്ടു കിലോഗ്രാംവരെ ഭാരമുള്ളതാണ്. ഇറച്ചിക്കും ഇവയെ ഉപയോഗിക്കാമെന്നതാണ് നേട്ടം. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കോഴി വളര്‍ത്തലിന്റെ ഭാഗമായി കൂടും കോഴിയും പദ്ധതിയും കെപ്കോ വനിതാ മിത്രം പദ്ധതിയും കെപ്കോ ഏറ്റെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ ഏഴു ബ്ലോക്കുകളിലാണ് പദ്ധതി ആദ്യഘട്ടമായി തുടങ്ങിയിട്ടുള്ളതെന്നും മാര്‍ക്കറ്റിംഗ് മാനേജര്‍ അറിയിച്ചു.