ടിഎംആർഡബ്ല്യു പ്രവർത്തനം ആരംഭിച്ചു
Friday, December 3, 2021 11:18 PM IST
കോട്ടയം: വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന പുതിയ എഡ്യു ടെക് കന്പനി ടിഎംആർഡബ്ല്യു പ്രവർത്തനം ആരംഭിച്ചു. നിലവിൽ ദുബായിയിൽ ഓഫീസ് ഉള്ള കന്പനി ഉടൻതന്നെ ഇന്ത്യയിലും ലണ്ടനിലും യുഎസിലും ഓഫീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജെംസ് എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ സാരഥിയും ഇന്ത്യൻ വംശജനുമായ സണ്ണി വർക്കിയാണു ടിഎംആർഡബ്ലുവിന്റെ സ്ഥാപകനും ചെയർമാനും.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ലോകവ്യാപകമായി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എല്ലാ സ്കൂളുകൾക്കും താങ്ങാവുന്ന വിധത്തിലുള്ള സേവന വ്യവസ്ഥകളോടെയാണ് കന്പനിയുടെ പ്രവർത്തനമെന്നും സണ്ണി വർക്കി പറഞ്ഞു.
ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) അധിഷ്ഠിത പഠന സഹായിക്കു പുറമേ പാഠ്യ പദ്ധതി രൂപീകരണം, വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തൽ, അധ്യാപക പരിശീലനം, രക്ഷാകർതൃ പരിശീലനം, കൗണ്‍സലിംഗ്,വിദ്യാർഥികൾക്ക് ആരോഗ്യ- സുരക്ഷാ പാലന നിർദേശങ്ങൾ നല്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ടിഎംആർഡബ്ല്യു പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
വിദ്യഭ്യാസ സ്ഥാപനങ്ങൾക്കു ധനവിനിയോഗം, മാനവവിഭവശേഷി തുടങ്ങിയവ സംബന്ധിച്ചുള്ള സേവനങ്ങളും ടിഎംആർഡബ്ല്യു നല്‍കും.