ഇൻഡിഗോ പറയുന്നു; വാക്സിൻ സ്വീകരിക്കൂ, ഇളവു നേടൂ....
Wednesday, June 23, 2021 11:08 PM IST
ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇളവുമായി പ്രമുഖ വിമാന കന്പനിയായ ഇൻഡിഗോ. പത്തുശതമാനം ഡിസ്ക്കൗണ്ടാണ് കന്പനി പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു വിമാന കന്പനി ഇത്തരത്തിൽ ഒരു ഓഫർ മുന്നോട്ടുവയ്ക്കുന്നത്. കോവിഡ് വാകസിന്റെ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവർക്കും ഇത് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് കന്പനി അറിയിച്ചു. അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനമാണ് ഡിസ്ക്കൗണ്ടായി അനുവദിക്കുക. 18 വയസിന് മുകളിൽ വാക്സിൻ സ്വീകരിച്ചവർക്ക് ഇത് പ്രയോജനപ്പെടുത്താം. ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലായിരിക്കണമെന്ന് കന്പനിയുടെ പ്രസ്താവനയിൽ പറയുന്നു.
ഡിസ്ക്കൗണ്ട് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ ആരോഗ്യസേതു മൊബൈൽ ആപ്പിലെ വാക്സിനേഷൻ സ്റ്റാറ്റസ് കാണിച്ചാലും മതിയെന്ന് പ്രസ്താവനയിൽ പറയുന്നു. പരിമിതമായ യാത്രക്കാർക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താൻ കഴിയുക. മറ്റു ഓഫറുകളുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും പ്രസ്താവനയിൽ പറയുന്നു.