ബേപ്പൂരിൽനിന്നു രാജ്യാന്തര കപ്പൽ സർവീസ് ആരംഭിക്കും: മന്ത്രി
Sunday, June 20, 2021 12:49 AM IST
കോഴിക്കോട്: ബേപ്പൂരിൽനിന്നു ചരക്കുനീക്കത്തിന് രാജ്യാന്തര കപ്പൽ സർവീസ് ആരംഭിക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. കാലിക്കട്ട് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര കപ്പൽസർവീസിനുള്ള തടസങ്ങൾ 28 ന് നിശ്ചയിച്ച തുറമുഖ മന്ത്രിമാരുടെ യോഗത്തിൽ ഉന്നയിച്ചു പരിഹാരം തേടും. ഒമാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നു കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബേപ്പൂരിനെ രാജ്യാന്തര നിലവാരമുള്ള തുറമുഖമാക്കുകയെന്നതു സ്വപ്നപദ്ധതിയാണ്. ലക്ഷദ്വീപ് ഭരണകൂടത്തിനു ബേപ്പൂർ തുറമുഖത്ത് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചു ദ്വീപ്നിവാസികളുടെ പോക്കുവരവിനുള്ള എല്ലാ സൗകര്യവും ഒരുക്കും.
ബേപ്പൂരിലേക്കും അഴീക്കോട്ടേക്കും ചരക്കുകപ്പൽ സർവീസിനായി അഞ്ചു കമ്പനികൾ തയാറായിക്കഴിഞ്ഞു. അവയിൽ ഒന്നിന് പ്രാഥമികാനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു.