വാക്സിൻ വിതരണം സാന്പത്തിക വളർച്ചയ്ക്ക് അനിവാര്യം: നിതി ആയോഗ്
Friday, April 30, 2021 11:28 PM IST
മുംബൈ: സന്പദ് ഘടനയുടെ തിരിച്ചുവരവിനു രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിനെങ്കിലും ഉടൻ വാക്സിൻ നൽകേണ്ടത് അനിവാര്യമാണെന്നു നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ്കുമാർ. എംസിസിഐ സംഘടിപ്പിച്ച വെബിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“കോവിഡനന്തര മുരടിപ്പിൽനിന്നു മികച്ച വളർച്ച കൈവരിക്കാൻ രാജ്യത്തിനാവും. എന്നാൽ ഇതിനായി അഞ്ചു കാര്യങ്ങൾ നടപ്പാക്കേണ്ടതുണ്ട്. നിലവിൽ ജിഡിപിയുടെ 30 ശതമാനത്തിൽ താഴേയാണു നിക്ഷേപങ്ങൾ. ഇത് ഉയർത്തേണ്ടതുണ്ട്.
കയറ്റുമതി വർധിപ്പിക്കലാണ് അടുത്ത കാര്യം. മൂന്നാമത് രാജ്യത്തെ നിർമാണ പ്രവർത്തനങ്ങൾ വലിയതോതിലാക്കണം. ഇതിനായി കേന്ദ്രസർക്കാർ 13 വിഭാഗങ്ങൾക്ക് 1.95 ലക്ഷം കോടിയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
നാലാമതായി ഇവിടെത്ത കൃഷി രീതികൾ ആധുനികീകരിക്കണം. ജലം ഒരുപാട് ഉപയോഗിച്ചുള്ള കൃഷിരീതിയാണിപ്പോഴുള്ളത്. എന്നാൽ അതിനനുസരിച്ചുള്ള വിളവ് ലഭിക്കുന്നില്ല. ഈ സ്ഥിതിക്കു മാറ്റമുണ്ടാകണം. അവസാനമായി രാജ്യം കൂടുതൽ ബിസിനസ് സൗഹാർദമാകണം. ഇതിനായുള്ള പരിഷ്കാരങ്ങൾ സർക്കാർ നടപ്പാക്കിവരുന്നു. സ്വകാര്യമേഖലയും കൂടുതൽ കരുത്താർജിക്കേണ്ടത് സാന്പത്തികവളർച്ചയ്ക്ക് അത്യാവശ്യമാണ് ’’ - അദ്ദേഹം പറഞ്ഞു.