രണ്ടാം ത്രൈമാസത്തിൽ 7.5% ഇന്ത്യൻ ജിഡിപി ചുരുങ്ങി
Friday, November 27, 2020 11:10 PM IST
മുംബൈ: നടപ്പു ധനകാര്യവർഷത്തെ (2020-21)സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.5 ശതമാനം ചുരുങ്ങി. മുൻ വർഷം(2019-20) രണ്ടാം ത്രൈമാസത്തിൽ 4.4 ശതമാനം വളർച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്.
ജൂലൈ- സെപ്റ്റംബർ കാലയളവിലെ ജിഡിപി (സ്ഥിരവില)33.14 ലക്ഷംകോടി ആണെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷം ജൂലൈ- സെപ്റ്റംബർ കാലയളവിൽ 35.84 ലക്ഷം കോടിയായിരുന്നു ഇന്ത്യൻ ജിഡിപി. തുടർച്ചയായി രണ്ടു ത്രൈമാസങ്ങളിൽ ജിഡിപി വളർച്ച നെഗറ്റീവ് ആയതിനാൽ രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായി.
സാതന്ത്ര്യ ലബ്ധിക്കുശേഷം ആദ്യമായാണ് ഇത്തരത്തിൽ ഇന്ത്യ മാന്ദ്യത്തിലാകുന്നത്.
ജൂണിൽ അവസാനിച്ച ഒന്നാം ത്രൈമാസത്തിൽ 23.9 ശതമാനമായിരുന്നു ജിഡിപിയിലെ ഇടിവ്. അതേസമയം,ജിഡിപിയിൽ വളർച്ചയുണ്ടായിട്ടില്ലെങ്കിലും തളർച്ചയുടെ തോത് കുറഞ്ഞത് സാന്പത്തികരംഗത്തിന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന തായാണ് വിലയിരുത്തൽ.