വായ്പാ പരിധി ഉയർത്തുന്നതിന് ഓർഡിനൻസ്
Monday, July 27, 2020 10:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി രണ്ടു ശതമാനം വർധിപ്പിക്കുന്നതിനുള്ള ഓർഡിനൻസിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനമായിരുന്നു വായ്പാ പരിധി. ഇതു കേന്ദ്ര സർക്കാർ അഞ്ചു ശതമാനമാക്കി ഉയർത്തിയിരുന്നു.
ഇതിനു നിയമ പരിരക്ഷ ലഭിക്കാൻ സംസ്ഥാനവും നിയമഭേദഗതി വരുത്തേണ്ടതുണ്ട്. ഇതിനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഇതുവഴി സംസ്ഥാനത്തിന് 18,087 കോടി രൂപ അധികമായി വായ്പ എടുക്കാനാകും.
മൂന്നു ശതമാനം മാത്രമുള്ളപ്പോൾ, 27,140 കോടി രൂപയാണു സംസ്ഥാനത്തിനു പ്രതിവർഷം വായ്പ എടുക്കാൻ കഴിയുന്ന തുക. അഞ്ചു ശതമാനമാകുന്നതോടെ 45,227 കോടി രൂപ വരെ കേന്ദ്ര സർക്കാരിന്റെ നിബന്ധനകളോടെ സംസ്ഥാനത്തിനു വായ്പ എടുക്കാനാകും.