തുടക്കം മിന്നിച്ചു
Monday, July 6, 2020 12:24 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
ജൂലൈ ആദ്യവാരം അവിസ്മരണീയമാക്കി ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ പ്രയാണം തുടരുന്നു. ബോംബെ സെൻസെക്സ് 850 പോയിന്റും നിഫ്റ്റി സൂചിക 225 പോയിന്റും കഴിഞ്ഞവാരം നേടി. പ്രമുഖ ഇൻഡെക്സുകൾ രണ്ടു ശതമാനത്തിലേറെ മികവുകാണിച്ചു. മൂന്നാഴ്ചകളിലായി ഇന്ത്യൻ മാർക്കറ്റ് ആറു ശതമാനം ഉയർന്നു.
വാരാരംഭത്തിൽ ഇന്ത്യൻ മാർക്കറ്റ് ശക്തമായ സാങ്കേതികതിരുത്തലിനു മുൻതൂക്കം നൽകി. വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും തിരുത്തലിലേക്കു വിരൽചൂണ്ടിയതു തിങ്കളാഴ്ച ഓപ്പറേറ്റർമാരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. നിഫ്റ്റി 10,383ൽനിന്ന് ഓപ്പണിംഗ് ദിനത്തിൽതന്നെ 10,223 ലേക്ക് ഇടിഞ്ഞു. കഴിഞ്ഞവാരം സൂചിപ്പിച്ച 10,255 പോയിന്റിലെ ആദ്യ സപ്പോർട്ട് ഈ അവസരത്തിൽ വിപണിക്കു നഷ്ടമായെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സൂചിക മുന്നേറി. 10531ലെ ആദ്യ പ്രതിരോധം സൂചിക മറികടന്നെങ്കിലും സെക്കൻഡ് റെസിസ്റ്റൻസ് ആയ 10,680ലേക്ക് അടുക്കാനായില്ല. 10,631 വരെകയറിയ അവസരത്തിൽ ഫണ്ടുകൾ വിൽപ്പനയ്ക്ക് ഉത്സാഹിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 10,607ലാണ്.
ഈ വാരം നിഫ്റ്റി വീണ്ടും മുന്നേറാം. സൂചികയിൽ ഉടലെടുത്ത ബുൾ തരംഗത്തിൽ വശംവദരാവാതെ വിപണിയെ കൂടുതൽ മനസിലാക്കാൻ ശ്രമിക്കുന്നതാവും ഈ അവസരത്തിൽ അഭികാമ്യം.
നിഫ്റ്റി ഉറ്റുനോക്കുന്നത് 10,751 പോയിന്റിനെയാണ്. 200 ദിവസങ്ങളിലെ ഇഎംഎയ്ക്കു മുകളിലാണങ്കിലും ആദ്യ സപ്പോർട്ട് 10,343 പോയിന്റിലാണ്. ഇതു നിലനിർത്തി ആദ്യ പ്രതിരോധം തകർക്കാൻ നീക്കം നടത്താം. അതു വിജയിച്ചാൽ 10,895നെ വിപണിലക്ഷ്യമാക്കും. എന്നാൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 10,079ലേക്കു സാങ്കേതിക പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.
വിപണിയുടെ മറ്റു ചലനങ്ങൾ വിലയിരുത്തിയാൽ വീക്ക്ലി ചാർട്ടിൽ 11,059ൽ സൂപ്പർ ട്രെൻഡ് പ്രതിരോധം തീർത്തിട്ടുണ്ട്. ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോസ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർ എസ്ഐ തുടങ്ങിയവ ഓവർ ബോട്ടായി. ഇത്തരം ഒരു സാഹചര്യത്തിൽ നിക്ഷേപകർ കൂടുതൽ ജാഗ്രതപാലിക്കേണ്ടതാണ്. പ്രതിദിനചാർട്ടിൽ സൂപ്പർ ട്രൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷായി നീങ്ങുകയാണ്. എംഎസിഡി സിഗ്നൽ ലൈനിനു മുകളിൽ ഇടംകണ്ടത്തിയത് ബുൾ ഇടപാടുകാരുടെആത്മവിശ്വാസം ഉയർത്തും.
ബോംബെ സെൻസെക്സ് 35,171ൽനിന്നു വാരത്തിന്റെ ആദ്യപകുതിയിൽതന്നെ തളർന്നെങ്കിലും മുൻവാരം സൂചിപ്പിച്ച 34,544ലെ താങ്ങ് നിലനിർത്തി. ഒരുവേള 34,662 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 36,110വരെ മുന്നേറിയശേഷം 36,021ലാണ്. 36,000നു മുകളിൽ ക്ലോസിംഗിൽ ഇടംപിടിക്കാനായതു നേട്ടംതന്നെ. ഈവാരം ആദ്യ പകുതിയിൽ 36,533നെ ലക്ഷ്യമാക്കിനീങ്ങാം. ഈ പ്രതിരോധം മറികടന്നാൽ 37,045വരെ ഉയരാം. തിരുത്തൽ സംഭവിച്ചാൽ 35,085ലും 34,149ലും താങ്ങുണ്ട്. രണ്ടാം സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്സ് 33,000‐32,500ലേക്ക് ഹൃസ്വകാലയളവിൽ പരീക്ഷണങ്ങൾക്കു മുതിരാം.
ഇന്ത്യൻ രൂപ മൂന്നു മാസത്തെ ഏറ്റവും ഉയർന്ന തലത്തിലാണ്. ഡോളറിനെതിരെ 95 പൈസ വർധിച്ച് 74.64 ലെത്തി. മുൻവാരംവിനിമയനിരക്ക് 75.60 ലായിരുന്നു. ഏപ്രിലിലെ താഴ്ന്ന റേഞ്ചിൽ നിന്ന രൂപ ഇതിനകം 222 പൈസയുടെ കരുത്തുനേടി. യൂറോ, ബ്രിട്ടീഷ് പൗണ്ട് എന്നിവയ്ക്കു മുന്നിലും രൂപയുടെ മൂല്യം ഉയർന്നു. വരുംദിനങ്ങളിൽ 74ലേക്കു ശ്രമിക്കാമെങ്കിലും രംഗത്തുനിന്ന് അൽപ്പം വിട്ടുനിൽക്കുന്ന ആർബിഐ വിപണിയിൽ ഇടപെടൽ നടത്തിയേക്കാം.
ഇന്ത്യാവോളാറ്റിലിറ്റി ഇൻഡെക്സ് പച്ചക്കൊടി ഉയർത്തി നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു. 29.50ൽനിന്നു മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 27.05ലാണ്. 30.13ൽ താഴ്ന്നു നിൽക്കുന്നതിനാൽ വിപണി നിക്ഷേപകർക്ക് അനുകൂലമാണ്.
കഴിഞ്ഞവാരം വോളാറ്റിലിറ്റി സൂചിക പത്തു ശതമാനം കുറഞ്ഞു, രണ്ടാഴ്ചകളിൽ 14ശതമാനം സൂചിക താഴ്ന്നു.
ആഗോളവിപണിയിൽ ക്രൂഡ്ഓയിൽ നേരിയ റേഞ്ചിലാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ തകർന്നടിഞ്ഞ എണ്ണ മാർക്കറ്റിനു 43 ഡോളറിനു മുകളിൽ ഇടം കണ്ടെത്താനായില്ല. താത്കാലികമായി ബാരലിന് 35‐40 ഡോളർ റേഞ്ചിൽ നീങ്ങുന്ന എണ്ണമാർക്കറ്റ് അടുത്ത വർഷം 40‐45 ഡോളർ റേഞ്ചിൽ സ്ഥിരത കൈവരിക്കും.