പ്ലാസ്റ്റിക് നിരോധനത്തിനു നല്ല പ്രതികരണം: മുഖ്യമന്ത്രി
Sunday, February 23, 2020 12:00 AM IST
തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തോടു കേരളത്തിലെ ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പുനരുപയോഗ ശേഷിയില്ലാത്ത പ്ലാസ്റ്റിക്കിനോടു കേരളം വിടപറഞ്ഞിട്ട് 50 ദിവസം പിന്നിട്ടിരിക്കുന്നു. ഇതു വരെയുള്ള അനുഭവം പരിശോധിച്ചു പ്ലാസ്റ്റിക് നിരോധനത്തിൽ കൂടുതൽ വ്യക്തത സർക്കാർ വരുത്തിയിട്ടുണ്ട്.
നിരോധനത്തിൽനിന്ന് ഒഴിവാക്കിയ ഉത്പന്നങ്ങളുടെ പാക്കറ്റുകൾ ഉത്പാദകർ തിരിച്ചെടുക്കണമെന്ന പദ്ധതി ബാധകമാണ്. ക്യാരി ബാഗുകൾക്കു തുണി, പേപ്പർ എന്നിവകൊണ്ടുള്ള ബാഗുകൾ മാത്രമേ അനുവദിക്കൂ.
നിരോധനത്തിൽനിന്നു ക്ലിംഗ് ഫിലിം ഒഴിവാക്കിയിരുന്നു, 500 മില്ലിലിറ്ററിനു മുകളിൽ വരുന്ന കുടിവെള്ള ബോട്ടിലുകളും ബ്രാൻഡഡ് ജ്യൂസ് ബോട്ടിലുകളും നിരോധനത്തിൽനിന്ന് ഒഴിവാക്കി.
എന്നാൽ, 500 മില്ലിക്കു താഴെയുള്ള കുടിവെള്ളക്കുപ്പികൾക്കു നിരോധനം ബാധകമാണ്.
മുൻകൂട്ടി അളന്നു വച്ചിരിക്കുന്ന ധാന്യങ്ങൾ, പയർവർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ചുവച്ചിരിക്കുന്ന മത്സ്യമാംസാദികൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.