വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാൽ നിത്യോപയോഗ സാധനങ്ങൾക്കു നികുതി വർധിക്കും
Friday, September 13, 2019 11:46 PM IST
ന്യൂഡൽഹി: വാഹനങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) കുറയ്ക്കാനുള്ള നീക്കം നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വർധിക്കാൻ ഇടയാക്കിയേക്കും. വാഹനവില്പനയിലെ മാന്ദ്യവും അതുവഴി സാന്പത്തികരംഗത്തുണ്ടായ തകർച്ചയും പരിഹരിക്കാനാണു വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കാനുള്ള നീക്കം. ഇതു ചെയ്യുന്പോൾ നികുതിവരവിൽ വലിയ തുക കുറവ് വരും. ഇതു മറികടക്കാൻ നിത്യോപയോഗ സാധനങ്ങളുടെ നികുതി അഞ്ചിൽനിന്ന് എട്ടു ശതമാനമാക്കാനുള്ള നിർദേശം പരിഗണനയിലുണ്ട്.
വാഹനങ്ങൾക്ക് 28 ശതമാനമാണു ജിഎസ്ടി. പുറമേ സെസും ഉണ്ട്. ഒരു ശതമാനം മുതൽ 22 ശതമാനം വരെ വരുമിത്. 28 ശതമാനം നികുതി 18 ശതമാനമാക്കണമെന്നാണു നിർദേശം. ഇങ്ങനെ ചെയ്യുന്പോൾ ജിഎസ്ടി വരുമാനത്തിൽ 55,000 കോടി മുതൽ 60,000 കോടി വരെ രൂപ കുറയും.ഇതു പരിഹരിക്കാൻ അഞ്ചു ശതമാനം സ്ലാബിലുള്ള നിത്യോപയോഗ സാധനങ്ങളുടെ നികുതി എട്ടു ശതമാനമാക്കണമെന്നാണു നിർദേശം.
സംസ്ഥാനങ്ങൾ ഇതിനോട് ഏതു വിധത്തിൽ പ്രതികരിക്കും എന്നു വ്യക്തമല്ല. വാഹനനികുതി കുറയ്ക്കുന്നതിനു കഴിഞ്ഞ ജിഎസ്ടി കൗൺസിലിൽ സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 20ന് ഗോവയിലാണ് അടുത്ത യോഗം.
വാഹനങ്ങൾക്കൊപ്പം ബിസ്കറ്റുകൾ തുടങ്ങിയ കൺസ്യൂമർ ഉത്പന്നങ്ങൾക്കും നികുതി കുറയ്ക്കണമെന്നു കന്പനികൾ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ 18 ശതമാനമാണ് ഇവയുടെ നികുതി. വില്പന ഇടിഞ്ഞതാണ് ആ മേഖലയുടെയും പ്രശ്നം. നികുതി കുറയ്ക്കണമെങ്കിൽ മറ്റേതെങ്കിലും ഉത്പന്നങ്ങൾക്കു ജിഎസ്ടി കൂട്ടിയേ മതിയാകൂ. നിത്യോപയോഗ സാധനങ്ങളുടെ നികുതി കൂട്ടുന്നതു വിലക്കയറ്റത്തിനു മാത്രമല്ല, ജനങ്ങളുടെ എതിർപ്പിനും കാരണമാകും.