ആദായനികുതി റിട്ടേൺ : നികുതിയോടൊപ്പം പലിശയും അടയ്ക്കണം
Monday, August 19, 2019 12:16 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ വിവിധ കാരണങ്ങളാൽ പലിശ നല്കേണ്ടിവരുന്നുണ്ട്. റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ 234 എ പ്രകാരവും (അടയ്ക്കേണ്ടിവരുന്ന നികുതിയെ അടിസ്ഥാനമാക്കി), മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ 234 ബി പ്രകാരവും, ക്രമപ്രകാരം അടയ്ക്കേണ്ട മുൻകൂർ നികുതിയുടെ ഗഡുക്കളിൽ നിർദേശിക്കപ്പെട്ട നിരക്കുകളിൽ കുറവു വന്നാലും അടച്ചില്ലെങ്കിലും 234 സി പ്രകാരവും പലിശ അടയ്ക്കേണ്ടതായി വരുന്നുണ്ട്. മാസംതോറും കണക്കാക്കപ്പെടുന്ന പലിശയിൽ ഭാഗികമായി വരുന്ന മാസങ്ങളെ മുഴുവൻ മാസമായി കണക്കാക്കുന്നതാണ്.
കാലതാമസം വന്നാൽ
റിട്ടേണുകൾ ഫയൽ ചെയ്യാൻ കാലതാമസം വന്നാൽ അടയ്ക്കേണ്ടിയിരുന്ന നികുതിത്തുകയുടെമേൽ പ്രതിമാസം ഒരു ശതമാനം നിരക്കിൽ പലിശ അടയ്ക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുള്ള നിർദിഷ്ട തീയതി ജൂലൈ 31 ആയിരിക്കെ ഓഗസ്റ്റ് ഒന്നിനാണ് ഫയൽ ചെയ്യാൻ സാധിച്ചത് എന്നു കരുതുക. അങ്ങനെ വരുന്ന സാഹചര്യത്തിൽ അടയ്ക്കേണ്ടിവരുന്ന നികുതിയുടെ കൂടെ ഒരു മാസത്തെ പലിശയും അടയ്ക്കേണ്ടതായിവരും.
ഒരു ദിവസത്തെ കാലതാമസത്തിനുപോലും ഒരു മാസത്തെ പലിശ അടയ്ക്കേണ്ടിവരുന്നുണ്ട്. ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടിയിരുന്ന നിർദിഷ്ട തീയതി മുതൽ നികുതി അടയ്ക്കുന്ന തീയതി വരെ അല്ലെങ്കിൽ റിട്ടേണ്‍ സമർപ്പിച്ചില്ലെങ്കിൽ അസെസ്മെന്റിന്റെ തീയതി വരെയുള്ള മാസങ്ങൾക്കാണ് 234 എ പ്രകാരം പലിശ ഈടാക്കുന്നത്. ഈ വകുപ്പനുസരിച്ച് അടയ്ക്കേണ്ടിവരുന്ന തുകയുടെ പലിശ കണക്കാക്കുന്നത് ആകെ വരുമാനത്തിന്റെ നികുതി നിശ്ചയിച്ച് അതിൽനിന്നു മുൻകൂറായി അടച്ച നികുതിയും സ്രോതസിൽ പിടിച്ച നികുതിയും മറ്റേതെങ്കിലും വകുപ്പുകൾ അനുസരിച്ചുള്ള റിബേറ്റുകളും ആനുകൂല്യങ്ങളും കിഴിച്ച് ബാക്കി വരുന്ന തുകയിന്മേൽ നിർദിഷ്ട തീയതി മുതൽ നികുതി അടയ്ക്കുന്ന തീയതി വരെയോ അല്ലെങ്കിൽ നികുതി ഉദ്യോഗസ്ഥൻ അസെസ്മെന്റ് നടത്തുന്ന തീയതി വരെയോ ഉള്ള കാലഘട്ടത്തിലേക്കാണ് പ്രസ്തുത നിരക്കിൽ പലിശ അടയ്ക്കേണ്ടത്.
കൂടാതെ 234 എഫ് അനുസരിച്ച് അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള റിട്ടേണുകൾക്കും ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5000 രൂപ ലെവിയും അതിന് ശേഷമുള്ള കാലാവധിക്ക് 10,000 രൂപ ലെവിയുമുണ്ടാകും. അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് വരുമാനം എങ്കിൽ പിഴത്തുക 1000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.
മുൻകൂർ നികുതി അടവിൽ വീഴ്ച വരുത്തിയാൽ
മുൻകൂർ നികുതി അടവിൽ വീഴ്ചയുണ്ടായാൽ ആദായനികുതിനിയമം 234 ബി അനുസരിച്ച് പലിശ നല്‍കേണ്ടിവരും. മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച ഉണ്ടായാലും അടയ്ക്കേണ്ടിയിരുന്ന നികുതിത്തുകയുടെ 90 ശതമാനത്തിൽ താഴെയാണ് മുൻകൂർ നികുതി അടച്ചതെങ്കിലും 234 ബി പ്രകാരം പലിശ അടയ്ക്കാൻ നികുതിദായകൻ ബാധ്യസ്ഥനാണ്. എന്നാൽ, മൊത്തം നികുതിബാധ്യത വരുന്നത് 10,000 രൂപയിൽ താഴെയാണെങ്കിൽ മുൻകൂർ നികുതിബാധ്യത ഉണ്ടാകുന്നതല്ല. അതിൻപ്രകാരം 234 ബി യുടെ പലിശ ബാധ്യതയും ഉണ്ടാകില്ല.
ഉദാഹരണമായി, ഒരു ലക്ഷം രൂപ നികുതി ബാധ്യത വരുന്ന വ്യക്തി 95,000 രൂപ മാത്രം മുൻകൂർ നികുതിയായി അടച്ചെന്ന് കരുതുക. അങ്ങനെ വരുന്ന സാഹചര്യത്തിൽ അടച്ച തുക 90 ശതമാനത്തിന് മുകളിലായതിനാൽ 234 ബി അനുസരിച്ച് പലിശ ബാധ്യത ഉണ്ടാകുന്നതല്ല. അതുപോലെ തന്നെ മുൻകൂർ നികുതി അടയ്ക്കാൻ ബാധ്യതയില്ലാത്ത മുതിർന്ന പൗരന്മാർക്ക് 234 ബി അനുസരിച്ച് ഒരിക്കലും പലിശ നല്‍കേണ്ടി വരില്ല.
ആദായ നികുതി നിയമം 234 ബി വകുപ്പനുസരിച്ച് പ്രതിമാസം ഒരു ശതമാനം നിരക്കിലാണ് നികുതി അടവിന്റെ വീഴ്ചയിന്മേൽ പലിശ ഈടാക്കുന്നത്. അസെസ്മെന്റ് വർഷത്തിന്റെ തുടക്കം മുതൽ നികുതി നിശ്ചയിക്കുന്ന ദിവസം വരെയുള്ള കാലഘട്ടത്തിലേക്ക് സാധാരണ പലിശനിരക്കിലാണ് ഇത് അടയ്ക്കേണ്ടിവരുന്നത്. നികുതി അടച്ച റിട്ടേണ്‍ ഫയൽ ചെയ്യുകയാണെങ്കിൽ അടയ്ക്കുന്ന തീയതി വരെ മുൻ പറഞ്ഞ രീതിയിൽ പലിശ കണക്കാക്കണം. അടയ്ക്കാനുള്ള നികുതിക്കാണ് പലിശ കണക്കാക്കേണ്ടത്.
മുൻകൂർ നികുതിയുടെ ഗഡുക്കൾഅടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയോ അടയ്ക്കാതിരിക്കുകയോ ചെയ്താൽ
മുൻകൂർ നികുതി അടയ്ക്കുന്നതിൽ ഗഡുക്കളിൽ കുറവുണ്ടാവുകയോ അടയ്ക്കാതിരിക്കുകയോ ചെയ്യുന്ന അവസരങ്ങളിലാണ് 234 സി പ്രകാരം പലിശ അടയ്ക്കേണ്ടിവരുന്നത്. 10,000 രൂപയ്ക്കു മുകളിൽ നികുതിബാധ്യത വരുന്ന നികുതിദായകർ (മുൻകൂർ നികുതിയടവിൽനിന്ന് ഒഴിവാക്കിയിട്ടുള്ള മുതിർന്ന പൗരന്മാർ ഒഴികെ) ആണ് മുൻകൂറായി നികുതി അടയ്ക്കേണ്ടത്. മുൻകൂർ നികുതി അടയ്ക്കേണ്ടത് ജൂണ്‍ 15നു മുന്‍പ് 15 ശതമാനം, സെപ്റ്റംബർ 15നു മുന്‍പ് മൊത്തം 45 ശതമാനവും ഡിസംബർ 15നു മുന്‍പ് മൊത്തം 75 ശതമാനവും മാർച്ച് 15നു മുന്‍പ് 100 ശതമാനവുമാണ്. മാർച്ച് 31 വരെ അടയ്ക്കുന്ന നികുതി അവസാന ഗഡുവിന്റെ നിർദിഷ്ട തീയതിക്കുള്ളിൽ അടച്ചതായി കണക്കാക്കുന്നതാണ്.
44 എഡി, 44 എഡിഎ എന്നീ വകുപ്പുകളനുസരിച്ച് അനുമാന നികുതി അടച്ച് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നവർ ഒറ്റത്തവണയായി മാർച്ച് 15നു മുന്‍പായി മുഴുവൻ നികുതിയും അടയ്ക്കേണ്ടതാണ്. അവർക്ക് ഗഡുക്കളായി അടയ്ക്കേണ്ട ആവശ്യമില്ല.