വിവിധ ഭാഷകൾ വഴങ്ങും; ഇരട്ട പൗരത്വം
Saturday, May 10, 2025 2:55 AM IST
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയാകുന്ന ആദ്യ അമേരിക്കന്‍ കര്‍ദിനാള്‍, പെറുവിലും അമേരിക്കയിലും പൗരത്വം, ഇംഗ്ലീഷും ലാറ്റിനും ഇറ്റാലിയനും സ്പാനിഷും പോർച്ചുഗീസും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പ്രാവീണ്യം, പെറുവിലെ സാധാരണക്കാരുടെ ഹൃദയം അറിഞ്ഞ മിഷനറി, വിശുദ്ധ അഗസ്റ്റിന്റെ പാത പിന്തുടര്ന്നുള്ള അഗസ്റ്റീനിയന്‍ സമൂഹത്തില്‍നിന്നുള്ള മാർപാപ്പ... റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുള്ള സവിശേഷതകളേറെയാണ്.
ഫ്രഞ്ച്-ഇറ്റാലിയൻ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും സ്പാനിഷ് വംശജയും ന്യൂ ഓർലിയൻസ് സ്വദേശിനിയുമായ മിൽഡ്രഡ് മാർട്ടിനസിന്റെയും മകനായി1955 സെപ്റ്റംബർ 14 ന് അമേരിക്കയിൽ ഇല്ലിനോയിസിലെ ബ്രോൺസ്വില്ലയിലാണു ജനനം. ലൂയിസ് മാർട്ടിൻ, ജോൺ ജോസഫ് എന്നിവരാണു സഹോദരങ്ങൾ. പിതാവ് ലൂയിസ് മാരിയസ് രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിന്നീട് ഷിക്കാഗോയുടെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ സ്കൂളുകളുടെ സൂപ്രണ്ടായി ജോലി ചെയ്യുകയും ചെയ്തു. എഡ്യുക്കേഷനിൽ മാസ്റ്റേഴ്സ് ബിരുദമുണ്ടായിരുന്ന അമ്മ മിൽഡ്രഡ് മാർട്ടിനസ് ലൈബ്രേറിയനായിരുന്നു.
സെന്റ് മേരി ഓഫ് ദ അസംപ്ഷൻ ഇടവകയിലാണ് പ്രെവോസ്റ്റ് തന്റെ ആത്മീയജീവിതത്തിന് തുടക്കം കുറിച്ചത്. ഇടവകപ്പള്ളിയിലെ ഗായകസംഘത്തിൽ പാടിയും അൾത്താരബാലനായും അദ്ദേഹം തന്റെ ദൈവവിളിക്കു വിത്തുപാകി.