ഇന്ത്യ-പാക് സംഘർഷം യുകെ പാർലമെന്റിൽ
Friday, May 9, 2025 4:19 AM IST
ലണ്ടൻ: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം യുകെ പാർലമെന്റിൽ വിശദമായ ചർച്ചയ്ക്കു വിധേയമായി. ഹൗസ് ഓഫ് കോമൺസിൽ വിദേശ മന്ത്രാലയ മന്ത്രി ഹമീഷ് ഫാൽക്കണറാണ് സംവാദത്തിന് തുടക്കമിട്ടത്. നയതന്ത്രത്തിന്റെയും ചർച്ചകളുടെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി കീയർ സ്റ്റാർമർ നടത്തിയ പ്രസ്താവന ആവർത്തിച്ചുകൊണ്ടായിരുന്നു ചർച്ചകൾ ആരംഭിച്ചത്.
യുകെയിലെ ഇന്ത്യൻ, പാക് വംശജർക്ക് ഇപ്പോൾ നടക്കുന്ന യുദ്ധം വ്യക്തിപരമായി അനുഭവപ്പെടുന്നതാണെന്നും ഫാൽക്കണർ പറഞ്ഞു. "ഇരുരാജ്യങ്ങളെയും യുകെയ്ക്ക് അടുത്തറിയാം. സിവിലയന്മാരുടെ ജീവൻ നഷ്ടപ്പെടുന്നത് ഹൃദയഭേദകമാണ്. സാഹചര്യം വഷളായാൽ ആരും ജയിക്കില്ല. പഹൽഗാം ഭീകരാക്രമണത്തെ യുകെ അപലപിച്ചിരുന്നു’- അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സ്വന്തം സുരക്ഷിതത്വത്തിനു ഭീഷണിയാകുന്ന പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യുകയെന്നത് ഇന്ത്യയുടെ അവകാശമാണെന്ന് ഇന്ത്യൻവംശജയായ ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.