വത്തിക്കാനിലേക്ക് ഉറ്റുനോക്കി ലോകം
Wednesday, May 7, 2025 1:07 AM IST
വത്തിക്കാൻ സിറ്റി: കോൺക്ലേവ് ഇന്ന് ആരംഭിക്കുന്നതോടെ ഇനി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും സിസ്റ്റൈന്‍ ചാപ്പലിന്റെ മേൽക്കൂരയിൽ സജ്ജമാക്കിയ പുകക്കുഴലിലേക്കായിരിക്കും.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഒരാൾ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടാൽ അക്കാര്യം വത്തിക്കാൻ ചത്വരത്തിൽ തടിച്ചുകൂടി നിൽക്കുന്ന വിശ്വാസിസമൂഹത്തെയും അതുവഴി ലോകത്തെയും അറിയിക്കുന്നത് സിസ്റ്റൈൻ ചാപ്പലിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ചിമ്മിനിയിൽ ഉയരുന്ന പുകയിലൂടെയാണ്.
കറുത്ത പുകയാണ് ഉയരുന്നതെങ്കിൽ വോട്ടെടുപ്പിനുശേഷം ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടിയില്ല എന്നർഥം. വെളുത്ത പുക ഉയർന്നാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാൾ തെരഞ്ഞെടുക്കപ്പെട്ടു എന്നാണ് അർഥം. മാർപാപ്പയെ തെരഞ്ഞെടുത്ത വിവരം അറിയിച്ച് വെളുത്ത പുക ഉയരുന്ന നിമിഷംതന്നെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങുകയും സ്വിസ് ഗാർഡുകൾ വത്തിക്കാൻ ചത്വരത്തിൽ ബാൻഡ് വാദ്യവുമായി വലംവയ്ക്കുകയും ചെയ്യും.
ഇപ്രകാരം പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന കർദിനാൾ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സമ്മതം അറിയിച്ചാൽ അദ്ദേഹം സ്വീകരിക്കുന്ന പുതിയ പേരെന്ത് എന്ന് ചോദിച്ചറിയും. ബൈബിളിൽ ശിമയോനെ, പത്രോസ് എന്ന് പുനർനാമകരണം ചെയ്തതുപോലെ ഈ പുതിയ പേരിന്റെ സ്വീകരണം ഒരു മാർപാപ്പയുടെ നയസമീപനങ്ങൾ വ്യക്തമാക്കുന്നു.
തുടർന്ന് അദ്ദേഹം കണ്ണീരിന്റെ മുറി എന്നറിയപ്പെടുന്ന മുറിയിലേക്ക് നയിക്കപ്പെടും. തന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ ഭാരം പ്രാർഥനയിലും ധ്യാനത്തിലും അദ്ദേഹം സ്വയം അംഗീകരിക്കുന്ന നിമിഷങ്ങളായിരിക്കും ഇത്.
തുടർന്ന് ഏറ്റവും സീനിയറായ കർദിനാൾ ഡൊമിനിക് മംബെർത്തി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി ‘ഹാബേമുസ് പാപ്പാം’ (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തും. അതിനുശേഷമാണ് വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്യാനും പ്രാർഥിക്കാനുമായി മാർപാപ്പ ലോകത്തിനുമുന്നിൽ പ്രത്യക്ഷനാകുന്നത്.
സാർവത്രികസഭയെ നയിക്കേണ്ടത് എന്തൊക്കെ ഗുണങ്ങളുള്ള ആളായിരിക്കണമെന്ന ചർച്ചകൾ ഈ ദിവസങ്ങളിൽ നടന്ന പ്രീ-കോൺക്ലേവ് സമ്മേളനങ്ങളിൽ നടന്നിരുന്നു. അതിനാൽത്തന്നെ പുതിയ മാർപാപ്പയെക്കുറിച്ചുള്ള ഏകദേശധാരണ കർദിനാൾമാർക്കിടയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്.
ഇതിനുമുന്‍പ് 2005ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവും 2013ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവും കേവലം രണ്ടുദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. കോൺക്ലേവ് റിപ്പോർട്ട് ചെയ്യുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് മാധ്യമപ്രവർത്തകരാണ് വത്തിക്കാനിൽ എത്തിയിരിക്കുന്നത്.
കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിലെ ഒരുക്കങ്ങളെല്ലാം തിങ്കളാഴ്ച പൂർത്തീകരിക്കുകയും നിര്‍ണായകമായ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു.
കര്‍ദിനാള്‍ കോളജിന്റെ സെക്രട്ടറി, പൊന്തിഫിക്കൽ ആരാധനക്രമങ്ങളുടെ ചുമതലയുള്ള മാസ്റ്റർ, പേപ്പല്‍ ചടങ്ങുകളുടെ മാസ്റ്റർ, കോൺക്ലേവിൽ അദ്ദേഹത്തെ സഹായിക്കാൻ തെരഞ്ഞെടുത്ത അധ്യക്ഷൻ, പേപ്പല്‍ സങ്കീര്‍ത്തിയില്‍ നിയമിക്കപ്പെട്ട രണ്ട് അഗസ്റ്റീനിയൻ സന്യാസിമാർ, ഡോക്ടർ, നഴ്സുമാര്‍, അപ്പസ്തോലിക് കൊട്ടാരത്തിലെ ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഭക്ഷണത്തിനും സേവനങ്ങൾക്കും ശുചീകരണത്തിനും ഉത്തരവാദികളായ ജീവനക്കാർ, സാങ്കേതിക സേവന ജീവനക്കാർ, കാസ സാന്താ മാർത്തയിൽനിന്ന് അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് കർദിനാൾമാരെ കൊണ്ടുപോകുന്നതിന് ഉത്തരവാദികളായവർ, സിസ്റ്റൈൻ ചാപ്പലിനു സമീപം നിരീക്ഷണത്തിനായി നിയോഗിക്കപ്പെട്ട പൊന്തിഫിക്കൽ സ്വിസ് ഗാർഡിലെ കേണലും മേജറും, വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സുരക്ഷാ സേവനങ്ങളുടെയും സിവിൽ പ്രൊട്ടക്ഷന്റെയും ഡയറക്ടർ, അദ്ദേഹത്തിന്റെ ഏതാനും ചില സഹായികൾ എന്നിവരാണ് കാമർലെംഗോ കർദിനാൾ കെവിൻ ജോസഫ് ഫാരെൽ മുന്‍പാകെ പ്രതിജ്ഞ ഏറ്റുചൊല്ലിയത്.
കൂടുതൽ കർദിനാൾമാർ ഇറ്റലിയിൽനിന്ന്
മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾസംഘത്തിൽ ഏറ്റവും കൂടുതൽ പേർ ഇറ്റലിയിൽനിന്നാണ്- 17 പേർ. അമേരിക്കയിൽനിന്ന് പത്തും ബ്രസീലിൽനിന്ന് ഏഴും സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്ന് അഞ്ചു വീതവും കർദിനാൾ ഇലക്ടറർമാരുണ്ട്.
മേഖലാടിസ്ഥാനത്തിൽ യൂറോപ്പിൽനിന്നാണ് ഏറ്റവും കൂടുതൽ കോൺക്ലേവ് അഗങ്ങളുള്ളത്.- 53 പേർ. ഏഷ്യയിൽനിന്ന് 23 പേരും ലാറ്റിൻ അമേരിക്കയിൽനിന്ന് 17 പേരും ആഫ്രിക്കയിൽനിന്ന് 18 പേരും വടക്കേ അമേരിക്കയിൽനിന്ന് 14 കർദിനാൾ ഇലക്ടർമാരുമുണ്ട്.
മൊബൈല്‍ സിഗ്നലുകൾ നിർജീവമാകും
മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണായക കോണ്‍ക്ലേവിന്റെ ഭാഗമായി വത്തിക്കാൻ സിറ്റി സ്റ്റേറ്റിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ മൊബൈൽ സിഗ്നലുകൾ വിച്ഛേദിക്കും. രഹസ്യ ബാലറ്റുകളിലൂടെ സിസ്റ്റൈൻ ചാപ്പലിൽ സ്വകാര്യമായി നടത്തുന്ന കോൺക്ലേവിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മധ്യ ബാൽക്കണിയിൽനിന്ന് പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം മാത്രമായിരിക്കും സിഗ്നൽ പുനഃസ്ഥാപിക്കുക.