മലയാളിബന്ധമുള്ള മലേഷ്യൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസും കോൺക്ലേവിൽ
Thursday, May 8, 2025 4:11 AM IST
വത്തിക്കാൻ സിറ്റി: കർദിനാൾമാരായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയ്ക്കും മാർ ജോർജ് ജേക്കബ് കൂവക്കാട്ടിനും പുറമെ കേരള ബന്ധമുള്ള മറ്റൊരു കർദിനാളും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. തൃശൂർ ഒല്ലൂരിൽനിന്നു മലേഷ്യയിൽ കുടിയേറിയ കുടുംബത്തിൽപ്പെട്ട 73കാരനായ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിനാണു മലയാളിബന്ധമുള്ളത്.
1900ത്തിലാണ് കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ മുത്തച്ഛൻ മലേഷ്യയിലേക്ക് കുടിയേറിയത്. മലേഷ്യയിലെ ജൊഹൊർ ബാഹ്രുവിൽ 1951 നവംബർ 11ന് ജനിച്ച കർദിനാൾ സെബാസ്റ്റ്യൻ 1977 ജൂലൈ 28ന് 26-ാം വയസിൽ പൗരോഹിത്യം സ്വീകരിച്ചു. 2012 ജൂലൈ ഏഴിന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇദ്ദേഹത്തെ പെനാംഗ് രൂപതയുടെ അഞ്ചാമത്തെ മെത്രാനായി നിയമിച്ചു.
2016 മുതൽ 2023 വരെ മലേഷ്യ, സിംഗപ്പുർ, ബ്രൂണെ എന്നീ രാജ്യങ്ങളിലെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റായി പ്രവർത്തിച്ച ഇദ്ദേഹത്തെ 2023 സെപ്റ്റംബർ 30ന് ഫ്രാൻസിസ് മാർപാപ്പ കർദിനാളായി നിയമിച്ചു. ആന്റണി സോട്ടർ ഫെർണാണ്ടസിനു പുറമെ മലേഷ്യയിൽനിന്നുള്ള രണ്ടാമത്തെ കർദിനാളാണ്.