ലെയോ പതിനാലാമന്‍ മാർപാപ്പയ്ക്കു ലോകനേതാക്കളുടെ അഭിനന്ദനം
Saturday, May 10, 2025 2:05 AM IST
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267-ാമത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാർപാപ്പയ്ക്കു ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോട്ടാക്കിസ്, കെനിയ പ്രസിഡന്റ് വില്യം റൂട്ടോ, ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡി സിൽവ, മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം തുടങ്ങി നിരവധി ലോകനേതാക്കളാണ് വ്യാഴാഴ്ച രാത്രി പ്രഖ്യാപനം വന്നതുമുതൽ മാർപാപ്പയ്ക്ക് അഭിനന്ദനമറിയിച്ചത്.
“ആവേശഭരിതം. നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതി. ലിയോ പതിനാലാമൻ മാർപാപ്പയെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് വളരെ അർത്ഥവത്തായ ഒരു നിമിഷമായിരിക്കും’’-എന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
പരിശുദ്ധ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും താൻ അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പൊതുവായ മൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി പരിശുദ്ധ സിംഹാസനവുമായി തുടർച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പൗരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ സ്ഥാനലബ്ധി ഏറെ അഭിമാനം പകരുന്നുവെന്ന് പെറു പ്രസിഡന്റ് ഡിന ബൊലുവാർട്ടെ പറഞ്ഞു. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഒരു രാഷ്ട്രമായ പെറുവിലെ ജനങ്ങൾ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ പേപ്പല്‍ പദവിയില്‍ പ്രാർഥനയിൽ ഒന്നിക്കുകയും പെറുവിനെ സ്നേഹിച്ച വൈദികന് ഇപ്പോൾ സാർവത്രികസഭയെ നയിക്കുന്നത് നന്ദിയോടെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദൈവവചനത്തിൽനിന്ന് ഒഴുകുന്ന സ്നേഹം, ദാനധർമം, പ്രത്യാശ എന്നിവയുടെ അക്ഷയമായ സന്ദേശത്തിൽനിന്ന് ഉരുത്തിരിഞ്ഞ ആത്മീയവും ധാർമികവുമായ അധികാരം മാർപാപ്പയിലും സഭയിലും അംഗീകരിക്കുന്ന ഇറ്റലിക്കാർ അങ്ങയെ ഒരു വഴികാട്ടിയായും അടയാളമായും കാണുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആശംസാസന്ദേശത്തിൽ പറഞ്ഞു.