തകര്‍ന്നടിഞ്ഞ് മര്‍കസ് തയ്ബ
Thursday, May 8, 2025 4:11 AM IST
ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: ഇന്ത്യന്‍ സേനയുടെ പ്രഹരശേഷിയുടെ നേര്‍ചിത്രമായി പാക് പഞ്ചാബിലെ ഷെയ്ഖ്പുരയിലെ മര്‍കസ് തയ്ബ. ഷെയ്ഖ്പുരയിലെ മുരിഡ്കയിലുള്ള നംഗല്‍ സഹ്ദാനില്‍ 2000ൽ ലഷ്കര്‍ തലവന്‍ ഹാഫിസ് സയീദാണു മര്‍കസ് തയ്ബ പടുത്തുയര്‍ത്തുന്നത്. അല്‍ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ സാമ്പത്തികസഹായം നിര്‍മാണത്തില്‍ നിര്‍ണായകമായി. മോസ്കും ഗസ്റ്റ്ഹൗസും നിര്‍മിക്കുന്നതിനായി ഒരുകോടി രൂപയാണു ലാദന് നല്‍കിയതെന്നു പറയപ്പെടുന്നു.
ഭീകരപ്രവര്‍ത്തനത്തിനു പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കുന്നതിനൊപ്പം സായുധ പരിശീലനം നൽകിയിരുന്നതോടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള ഭീകരരുടെ നഴ്സറിയായി കേന്ദ്രം മാറി. മുംബൈ ഭീകരാക്രമണത്തിനിടെ നിറതോക്കുമായി കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവച്ചുവീഴ്ത്തുന്നതിനിടെ പിടിയിലായ അജ്മല്‍ കസബും മുംബൈ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഡേവിഡ് കോള്മാന് ഹെഡ്ലിയും തഹാവൂർ റാണയും ഉള്‍പ്പെടെ ഭീകരരുടെ പഠനക്കളരിയെന്നു പറയപ്പെടുന്ന കേന്ദ്രമാണ് ഇന്നലെ ഓപ്പറേഷന് സിന്ദൂര്‍ ചാമ്പലാക്കിയത്.
പ്രതിവർഷം ആയിരത്തോളം കുട്ടികള്‍ക്ക് മതപ്രബോധനത്തിനൊപ്പം സായുധ പരിശീലനവും കേന്ദ്രത്തിൽ നൽകിയിരുന്നു. തോക്കുകളും സ്ഫോടകവസ്തുക്കളും കൈകാര്യം ചെയ്യുന്നത് മുതല്‍ മനഃശാസ്ത്ര പരിശീലനം വരെ കേന്ദ്രത്തിൽ ലഭ്യമാണ്. വര്‍ഷങ്ങളായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു കേന്ദ്രം. അട്ടാരി-വാഗ അതിര്‍ത്തിയിലേക്കു 30 കിലോമീറ്റര്‍ മാത്രമാണ് മര്‍ക്കസില്‍ നിന്നുള്ളദൂരം.
82 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന കേന്ദ്രത്തിലെ സുഫ അക്കാദമിയിലാണ് സായുധപരിശീലനം നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്കായി പ്രത്യേകവിഭാഗവും ഉണ്ട്. മുതിര്‍ന്ന ലഷ്കര്‍ നേതാക്കള്‍ പരിശീലനം നൽകാനായി കേന്ദ്രത്തില്‍ എത്താറുണ്ട്.
1980 കളില്‍ സോവിയറ്റ് യൂണിയനെതിരേ പോരാടാന്‍ അഫ്ഗാന് വിമതര്ക്കുവേണ്ടിയാണു കേന്ദ്രം തുടങ്ങിയതെങ്കിൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഇന്ത്യാവിരുദ്ധ നടപടികളുടെ കേന്ദ്രബിന്ദുവായി മർക്കസ് മാറുകയായിരുന്നു.