ഇന്ത്യയുടെ ഭീഷണി ഫലിച്ചു; ‘ബുദ്ധ രത്നങ്ങ’ളുടെ ലേലം മാറ്റി
Friday, May 9, 2025 12:56 AM IST
ലണ്ടൻ: ശ്രീബുദ്ധനുമായി ബന്ധപ്പെട്ട രത്നങ്ങൾ ലേലം ചെയ്യുന്നതു നീട്ടിവച്ചതായി ലേല കന്പനിയായ സോത്ബി അറിയിച്ചു. നിയമനടപടികളിലേക്കു നീങ്ങുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പാണു കാരണം.
ബ്രിട്ടീഷ് എസ്റ്റേറ്റ് മാനേജരായിരുന്ന വില്യം ക്ലാക്സ്റ്റൺ പെപ്പെ ഉത്തർപ്രദേശിലെ ലുംബിനിക്കു തെക്ക് പിപ്രാഹ്വയിലെ സ്തൂപികയിൽനിന്ന് 1898ൽ ഖനനം ചെയ്തെടുത്ത 1800ഓളം രത്നങ്ങളാണ് ഹോങ്കോംഗിൽ ബുധനാഴ്ച ലേലം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ബുദ്ധന്റെ ജന്മസ്ഥലമാണ് ലുംബിനി. രത്നങ്ങളോടൊപ്പം ലഭിച്ച അസ്ഥിക്കഷണങ്ങൾ ബുദ്ധന്റേതാണെന്നു കരുതുന്നു.
പെപ്പെ കടത്തിക്കൊണ്ടുപോയ രത്നങ്ങളിൽ ഭൂരിഭാഗവും ബ്രിട്ടീഷ് രാജകുടംബത്തിനാണു ലഭിച്ചത്. പെപ്പെയ്ക്കു ലഭിച്ച ഒരു ഭാഗം രത്നങ്ങളാണ് ലേലം ചെയ്യാൻ ശ്രമിച്ചത്.
എന്നാൽ, ഇന്ത്യയും ആഗോളതലത്തിൽ ബുദ്ധമതക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യൻ, അന്താരാഷ്ട്ര, ഐക്യരാഷ്ട്ര സഭാ നിയമങ്ങളുടെ ലംഘനമായിരിക്കും ലേലമെന്നും നിയമനടപടികളിലേക്കു നീങ്ങുമെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ സർക്കാർ സോത്ബിക്കു കത്തയച്ചു.
ഇതേത്തുടർന്നാണ് ലേലം നീട്ടിവച്ചതെന്നാണു സോത്ബിയുടെ അറിയിപ്പ്. സോത്ബിയുടെ വെബ്സൈറ്റിൽ ലേലവുമായി ബന്ധപ്പെട്ട പേജ് നീക്കം ചെയ്തു.