സോവ്യറ്റ് പങ്കിനെ ചെറുതാക്കി കാട്ടരുത്: വിക്ടറി ഡേയിൽ പുടിൻ
Friday, May 9, 2025 11:50 PM IST
മോസ്കോ: രണ്ടാം ലോക മഹായുദ്ധത്തിൽ സോവ്യറ്റ് സേന വഹിച്ച നിർണായ പങ്കിനെ കുറച്ചുകാട്ടാനുള്ള നീക്കങ്ങൾ റഷ്യ അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സോവ്യറ്റ് സേന നാസി ജർമനിയെ പരാജയപ്പെടുത്തിയതിന്റെ 80-ാം വാർഷികാഘോഷത്തിൽ (വിക്ടറി ഡേ) പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ ശക്തികളെ വിമർശിക്കാതിരുന്ന പുടിൻ, ഹിറ്റ്ലറെ പരാജയപ്പെടുത്തുന്നതിൽ പാശ്ചാത്യശക്തികൾ വഹിച്ച പങ്കിനെ റഷ്യ അംഗീകരിക്കുന്നതായും പറഞ്ഞു. ചൈനയിലെ ധീരന്മാരും സമാധാനത്തിനായി പോരാടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന ആഘോഷങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗായിരുന്നു മുഖ്യാതിഥി.
ബ്രീസിലിയൻ പ്രസിഡന്റ് ലുലാ ഡിസിൽവ, സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിക്, യൂറോപ്യൻ യൂണിയൻ അംഗമായ സ്ലൊവാക്യയിലെ പ്രധാനമന്ത്രി റോബർട്ട് ഫിസോ, വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ എന്നിവരും വിശിഷ്ടാതിഥികളായിരുന്നു.
റഷ്യ ആഗോളതലത്തിൽ ഒറ്റപ്പെട്ടിട്ടില്ലെന്നു ബോധ്യപ്പെടാൻ ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽനിന്നുള്ള നേതാക്കളുടെ പങ്കാളിത്തം മതിയാകുമെന്ന് ക്രെംലിൻ പറഞ്ഞു.
ആഘോഷത്തോടനുബന്ധിച്ചുള്ള വന്പൻ സൈനിക പരേഡിൽ 11,500 ഭടന്മാരാണു പങ്കെടുത്തത്. യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന 1500 പേരും ചൈന, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള സൈനികരും പരേഡിൽ പങ്കെടുത്തു.
എല്ലാ വർഷവും വിക്ടറി ഡേയിൽ പ്രദർശിപ്പിക്കാറുള്ള ആയുധങ്ങൾക്കു പുറമേ യുക്രെയ്ൻ അധിനിവേശത്തിൽ വലിയതോതിൽ ഉപയോഗിക്കുന്ന ഡ്രോണുകളും പരേഡിൽ ഉൾപ്പെടുത്തി. ലാൻസെറ്റ്, ജെറാൻ-2, ഒർലാൻ-10, ഒർലാൻ-30 ഡ്രോണുകളാണു പ്രദർശിപ്പിച്ചത്.