ട്രംപ് പുടിനെ പ്രീണിപ്പിക്കുന്നു: ബൈഡൻ
Thursday, May 8, 2025 4:11 AM IST
വാഷിംഗ്ടൺ ഡിസി: ഭൂമി വിട്ടുകൊടുത്ത് വെടിനിർത്തലുണ്ടാക്കാൻ യുക്രെയ്നുമേൽ സമ്മർദം ചെലുത്തുന്ന യുഎസ് പ്രസിഡന്റ് ട്രംപ്, റഷ്യൻ പ്രസിഡന്റ് പുടിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നു മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ബിബിസി റേഡിയോയ്ക്ക് അഭിമുഖം നല്കുകയായിരുന്നു ബൈഡൻ.
ട്രംപിന്റെ നീക്കങ്ങൾ ആധുനികകാല പ്രീണനനയമാണ്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ നാസി നേതാവ് അഡോൾഫ് ഹിറ്റ്ലറെ പ്രീണിപ്പിക്കാൻ ശ്രമിച്ചിരുന്നതിനെ പരാമർശിച്ചാണു ബൈഡൻ ഇങ്ങനെ പറഞ്ഞത്.
ഏകാധിപതിയും മുഠാളനുമായ പുടിനു ഭൂമി കൈയേറാൻ അമേരിക്ക കൂട്ടുനിന്നാൽ ജനങ്ങൾ എന്തു വിചാരിക്കും. യൂറോപ്യൻ നേതാക്കൾക്ക് അമേരിക്കയിലും അമേരിക്കൻ നേതൃത്വത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ട്രംപിന്റെ നടപടികൾ ഇടയാക്കും.
ഗ്രീൻലാൻഡ് കൈയേറും, പാനമ കനാൽ പിടിച്ചെടുക്കും, കാനഡയെ അമേരിക്കൻ സംസ്ഥാനമാക്കും തുടങ്ങിയ ട്രംപിന്റെ പ്രഖ്യാപനങ്ങളെ ബൈഡൻ അപലപിച്ചു.
അമേരിക്കയെന്നാൽ സ്വാതന്ത്ര്യവും ജനാധിപത്യവും അവസരങ്ങളുമാണെന്നും പിടിച്ചെടുക്കൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.