ഹൂതികൾക്ക് ഇസ്രയേലിന്റെ തിരിച്ചടി ; സനാ വിമാനത്താവളം തകർത്തു
Thursday, May 8, 2025 4:12 AM IST
സനാ: ടെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽ മിസൈൽ ആക്രമണത്തിനു മുതിർന്ന യെമനിലെ ഹൂതി വിമതർക്കു ശക്തമായ തിരിച്ചടി നല്കി ഇസ്രയേൽ.
യെമൻ തലസ്ഥാനമായ സനായിലെ വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. വിമാനത്താവളം പ്രവർത്തനരഹിതമായി എന്നാണ് ഇസ്രേലി സേന അവകാശപ്പെട്ടത്.
ഞായറാഴ്ച ഹൂതികൾ ഇസ്രയേലിലേക്കു തൊടുത്ത മിസൈൽ ബെൻ ഗുരിയൻ വിമാനത്താവളത്തിനു സമീപമാണു പതിച്ചത്. ഇതിനു പിന്നാലെ ഇസ്രേലി സേന തിങ്കളാഴ്ച ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖത്ത് ആക്രമണം നടത്തിയിരുന്നു.
ഇന്നലെ സനായിലെ വിമാനത്താവളത്തിനു നേർക്ക് ഉഗ്ര ആക്രമണമാണുണ്ടായത്. ആക്രമണത്തിനു മുന്പായി ജനങ്ങൾ വിമാനത്താവളവും പരിസരവും ഒഴിവാക്കണമെന്ന മുന്നറിയിപ്പ് ഇസ്രയേൽ നൽകിയിരുന്നു.
വിമാനത്താവളത്തിലുണ്ടായിരുന്ന മൂന്നു യാത്രാവിമാനങ്ങൾ, ഡിപാർച്ചർ ഹാൾ, റൺവേ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള സൈനികതാവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഹൂതികൾ ആയുധം കടത്തിയിരുന്നത് ഈ വിമാനത്താവളത്തിലൂടെയാണെന്ന് ഇസ്രേലി സേന പറഞ്ഞു.
വിമാനത്താവളത്തിൽ വലിയ നാശമുണ്ടായെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ നിർത്തിവയ്ക്കുകയാണെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.