മൂന്നാം തവണയും കോൺക്ലേവിന്റെ രണ്ടാംദിനം പ്രഖ്യാപനം
Friday, May 9, 2025 4:19 AM IST
വത്തിക്കാൻ സിറ്റി: തുടർച്ചയായി ഇതു മൂന്നാംതവണയാണ് കോൺക്ലേവിന്റെ രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുക്കുന്നത്.
2013ൽ ഫ്രാൻസിസ് മാർപാപ്പ കോൺക്ലേവിന്റെ രണ്ടാം ദിവസം നടന്ന അഞ്ചാം റൗണ്ട് വോട്ടെടുപ്പിലാണു തെരഞ്ഞെടുക്കപ്പെട്ടതെങ്കിൽ 2005ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കോൺക്ലേവിന്റെ രണ്ടാം ദിനം നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിലാണ്. 1978ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോൺക്ലേവിന്റെ മൂന്നാം ദിവസം നടന്ന എട്ടാം റൗണ്ട് വോട്ടെടുപ്പിലാണു തെരഞ്ഞെടുക്കപ്പെട്ടത്.
മാസങ്ങളും വർഷങ്ങളും നീണ്ട കോൺക്ലേവുകൾ
12-ാം നൂറ്റാണ്ടുമുതൽ കർദിനാൾമാർ യോഗം ചേർന്നു മാർപാപ്പയെ തെരഞ്ഞെടുക്കുന്നത് സ്ഥിരം രീതിയായെങ്കിലും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കു സമയപരിധി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചില കോൺക്ലേവുകൾ മാസങ്ങളും വർഷങ്ങളും നീണ്ടു. 1261ൽ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മൂന്നു മാസം നീണ്ടുനിന്നു. 1264ൽ ഇത് അഞ്ചു മാസമെടുത്തു.
1268ലാണ് ആകെ വലഞ്ഞത്. ക്ലമന്റ് നാലാമൻ മാർപാപ്പയുടെ വിയോഗത്തോടെ അടുത്തയാളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ നവംബറിൽ ഇറ്റലിയിലെ വിറ്റെർബോയിൽ ആരംഭിച്ചു. എന്നാൽ, കർദിനാൾമാർക്ക് തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.
മൂന്നു വർഷത്തോളമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നീണ്ടത്. കൃത്യമായി പറഞ്ഞാൽ രണ്ടു വർഷവും ഒന്പത് മാസവും. ഒടുവിൽ ഗ്രിഗറി പത്താമൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺക്ലേവിന് കൂടുതൽ കൃത്യമായ നടപടിക്രമങ്ങൾ ആവശ്യമാണെന്നു ബോധ്യപ്പെടുത്തിയ സംഭവം കൂടിയായിരുന്നു അത്. അതിനാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ചു ചില മാർഗനിർദേങ്ങൾ അദ്ദേഹം കൊണ്ടുവന്നു. അതിനു ഫലമുണ്ടായി. 1276ലെ അടുത്ത തെരഞ്ഞെടുപ്പ് അതിശയിപ്പിച്ചുകൊണ്ട് രണ്ടു ദിവസങ്ങൾക്കുള്ളിൽ അവസാനിച്ചു.
പതിമൂന്നാം നൂറ്റാണ്ടിലും കോൺക്ലേവ് നീളുന്ന സംഭവമുണ്ടായി. 1314ൽ തുടങ്ങിയ കോൺക്ലേവ് 1316 വരെ നീണ്ടു. രണ്ടുവർഷവും മൂന്നു മാസവും. ഫ്രാൻസിലെ ലിയോണിൽ നടന്ന ദൈർഘ്യമേറിയ കോൺക്ലേവിനൊടുവിൽ ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 1415 മുതൽ 1417 വരെ നടന്ന കോൺക്ലേവും ദൈർഘ്യത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചു. മാർട്ടിൻ അഞ്ചാമൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവ് രണ്ടു വർഷം നീണ്ടു.
കുഞ്ഞൻ കോൺക്ലേവും
രണ്ടു വർഷത്തിലേറെ നീണ്ട കോൺക്ലേവുകൾ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഉള്ളതുപോലെതന്നെ ഏറ്റവും കുറഞ്ഞ സമയത്തിൽ മാർപാപ്പമാരെ തെരഞ്ഞെടുത്ത് റിക്കാർഡ് സൃഷ്ടിച്ച കുഞ്ഞൻ കോൺക്ലേവുകളും നടന്നിട്ടുണ്ട്. 1503 ഒക്ടോബറിൽ നടന്ന കോൺക്ലേവ് ഏതാനും മണിക്കൂറുകൾ മാത്രമേ നീണ്ടുള്ളൂ. ജൂലിയസ് രണ്ടാമനാണ് കോൺക്ലേവ് തുടങ്ങി ആദ്യ മണിക്കൂറുകളിൽത്തന്നെ തെരഞ്ഞെടുക്കപ്പെട്ടത്.
അന്ന് ഏറെ സമ്മതനും സ്വീകാര്യനുമായിരുന്ന കർദിനാൾ ജൂലിയാനോ ദെല്ലാ റൊവേരെയെ തെരഞ്ഞെടുക്കാൻ മിനിറ്റുകൾ മാത്രമേ കർദിനാൾമാർക്കു വേണ്ടിവന്നുള്ളൂ. 1939ലായിരുന്നു മറ്റൊരു കുഞ്ഞൻ കോൺക്ലേവ്.
മാർച്ചിൽ നടന്ന കോൺക്ലേവ് ഒറ്റ ദിവസംകൊണ്ട് ദൗത്യം പൂർത്തിയാക്കി. പയസ് പതിനൊന്നാമൻ മാർപാപ്പയ്ക്കു കീഴിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന യൂജിനിയോ പച്ചെല്ലി മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് പയസ് പന്ത്രണ്ടാമൻ എന്ന പേര് സ്വീകരിച്ചു.