പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ
Thursday, May 8, 2025 4:11 AM IST
ലാഹോർ: ഇന്ത്യയുടെ കനത്ത മിസൈൽ ആക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്നലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മറിയം നവാസ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പാക് പഞ്ചാബ് സർക്കാർ അറിയിച്ചു.
അടിയന്തരാവസ്ഥയെത്തുടർന്ന് ഇന്നലെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. പഞ്ചാബ് പോലീസ് ഉൾപ്പെടെ സുരക്ഷാവിഭാഗങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധി റദ്ദാക്കി.
സൈന്യത്തിന് അധികാരം നൽകി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയുടെ സൈനികനടപടിക്കു മറുപടി നൽകാൻ സൈന്യത്തിന് അധികാരം നൽകിയതായി പാക്കിസ്ഥാൻ ദേശീയസുരക്ഷാ കൗൺസിൽ. സമയവും സ്ഥലവും രീതിയും സൈന്യത്തിനു തീരുമാനിക്കാമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ കൗൺസിൽ (എൻഎസ്സി) യോഗം തീരുമാനിച്ചുവെന്നാണു റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ കാബിനറ്റ് അംഗങ്ങളും മുഖ്യമന്ത്രിമാരും സേനാ തലവന്മാരും യോഗത്തിൽ പങ്കെടുത്തു.