പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ പ്രാർഥനാസഹായം തേടി കർദിനാൾ റേ
Thursday, May 8, 2025 4:11 AM IST
വത്തിക്കാൻ സിറ്റി: ഏറെ സങ്കീർണവും ബുദ്ധിമുട്ടേറിയതുമായ ഒരു സമയത്തുകൂടി കടന്നുപോകുന്ന ലോകത്ത്, സഭയ്ക്കും മാനവികതയ്ക്കും ആവശ്യമുള്ളതു പ്രവര്ത്തിക്കുകയും ഐക്യം വളർത്തുകയും ലോകമനഃസാക്ഷിയെ ഉണർത്തുകയും ചെയ്യുന്ന ഒരു മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി പരിശുദ്ധാത്മാവിന്റെ വരദാനത്തിനായി പ്രാർഥിക്കാമെന്നു കർദിനാൾ സംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബത്തീസ്ത റേ. കോൺക്ലേവിനു മുന്നോടിയായുള്ള വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി അപ്പസ്തോലന്മാർ പരിശുദ്ധ അമ്മയ്ക്കൊപ്പം പ്രാർഥനയിൽ കാത്തിരുന്നതുപോലെയാണ് മാർപാപ്പയോടുള്ള സ്നേഹത്തോടും വിശ്വാസത്തോടുംകൂടി ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹത്തിന്റെ പ്രാർഥനയ്ക്കൊപ്പം കോൺക്ലേവ് തുടങ്ങുന്നതിനുമുന്പ് വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു മുകളിൽ ഉയർത്തപ്പെട്ട ഈ ബസിലിക്കയിൽ നാമെല്ലാവരും ഒരുമിച്ചുകൂടി പ്രാർഥിക്കുന്നതെന്ന് കർദിനാൾ റേ പറഞ്ഞു.
ദൈവത്തെയും സഭയുടെയും മാനവികതയുടെയും നന്മയും മുന്നിൽക്കണ്ട്, വ്യക്തിപരമായ താത്പര്യങ്ങൾ മാറ്റിവച്ച്, സഭാപരവും മാനുഷികവുമായ വലിയ ഉത്തരവാദിത്വത്തോടെ കർദിനാൾമാർ വലിയൊരു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സമയമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വിശുദ്ധ കുർബാനമധ്യേ വായിക്കപ്പെട്ട സുവിശേഷത്തെ പരാമർശിച്ചുകൊണ്ട്, താൻ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കാനാണ് ക്രിസ്തു അന്ത്യ അത്താഴവേളയിൽ തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടതെന്നും തന്റെ സുഹൃത്തുക്കൾക്കായി സ്വന്തം ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നും കർദിനാൾ റേ ഓർമിപ്പിച്ചു. വിശുദ്ധ കുർബാനയിലെ ആദ്യവായനയെ പരാമർശിച്ചുകൊണ്ട്, തന്നെത്തന്നെ നൽകുന്നതുവരെയുള്ള സ്നേഹമാണ് ഇടയന്മാർക്കു വേണ്ടതെന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ അനുസ്മരിച്ച കർദിനാൾ റേ, സഭയിലെ ഐക്യത്തിനും ആഗോളമാനവികസഹോദര്യത്തിനുമുള്ള വിളിയാണ് നമുക്ക് മുന്നിലുള്ളതെന്ന് ഓർമിപ്പിച്ചു.
അപ്പസ്തോലന്മാരോട് ക്രിസ്തു ഉദ്ബോധിപ്പിച്ചിരുന്ന ഐക്യമാണ് സഭയിൽ ആവശ്യം. വൈവിധ്യങ്ങൾ ഉള്ളപ്പോഴും സുവിശേഷത്തോടുള്ള വിശ്വസ്തതയിൽ ഒരുമയോടെ മുന്നോട്ടുപോകാൻ സാധിക്കുകയാണു വേണ്ടത്. അല്ലാതെ എല്ലാവരും ഒരേപോലെയായിത്തീരുക എന്നതല്ല ഉദ്ദേശിക്കുന്നതെന്നും കർദിനാൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കാലങ്ങളിൽ നമുക്ക് വിശുദ്ധരും മഹാത്മാക്കളുമായ മാർപാപ്പമാരെ സമ്മാനിച്ച പരിശുദ്ധാത്മാവിനോട്, സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവഹിതമനുസരിച്ചുള്ളതും, സാങ്കേതികവളർച്ചയിൽ മുന്നേറുകയും എന്നാൽ ദൈവത്തെ മറക്കുകയും ചെയ്യുന്ന ആധുനികസമൂഹത്തിൽ, ഏവരുടെയും മനഃസാക്ഷിയെയും, ധാർമിക, ആധ്യാത്മിക മൂല്യങ്ങളെയും വിളിച്ചുണർത്താൻ കഴിവുള്ളതുമായ പുതിയൊരു മാർപാപ്പയെ നൽകാൻവേണ്ടി നമുക്ക് പ്രാർഥിക്കാമെന്നും കർദിനാൾ റേ ആഹ്വാനം ചെയ്തു.