പെറുവിന്റെ മിഷനറിവര്യൻ
Saturday, May 10, 2025 2:05 AM IST
ലിമ: സാർവത്രികസഭയെ നയിക്കാൻ നിയുക്തനായ ലെയോ പതിനാലാമൻ മാർപാപ്പ (കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ) തെക്കേ അമേരിക്കൻ രാജ്യമായ പെറുവിനെ അകമഴിഞ്ഞു സ്നേഹിച്ച മിഷനറിവര്യനാണ്.
അമേരിക്കയിൽ ജനിച്ചു പഠിച്ച് അഗസ്റ്റീനിയൻ സഭയുടെ മിഷനറിയായി പെറുവിലെത്തി 20 വർഷക്കാലം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് ഈ രാജ്യത്തെ ഏറ്റവും പാവപ്പെട്ട ആളുകളുടെ ജീവിതസാഹചര്യങ്ങൾ മനഃപാഠമായിരുന്നു.
2023 മാർച്ചിൽ ചിക്ലായോയിൽ കനത്ത നാശംവിതച്ച പ്രളയമുണ്ടായപ്പോൾ ചെളിനിറഞ്ഞ സ്ഥലങ്ങളിലൂടെ നടന്നെത്തി ആശ്വാസമേകിയും ദുരിതാശ്വാസവസ്തുക്കൾ വിതരണം ചെയ്തും തങ്ങളിലൊരുവനായി നിന്ന ബിഷപ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ പെറുവിയൻ ജനത ഒരിക്കലും മറക്കില്ല.
ചിക്ലായോയുടെ മെത്രാനായിരുന്ന അദ്ദേഹം ദുരന്തസമയത്ത് പുഴുങ്ങിയ ഉരുളക്കിഴങ്ങു മാത്രം ഭക്ഷിച്ചതും ഇരുട്ടുമുറിയിൽ നിലത്ത് കിടന്നുറങ്ങിയതുമൊക്കെ പ്രദേശത്തെ ജനങ്ങൾ മറന്നിട്ടില്ല. കോവിഡ് കാലത്ത് ഉപകാരികളുടെ സഹായത്തോടെ രണ്ട് ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ നിർമിച്ചുനൽകിയും അദ്ദേഹം ജനത്തിന് ആശ്വാസമേകി.
പെറുവിലെ ബിഷപ്പായിരിക്കെ വത്തിക്കാനിലേക്ക് സ്ഥലംമാറ്റമുണ്ടായപ്പോൾ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് താനിപ്പോഴും തന്നെ കാണുന്നത് ഒരു മിഷനറിയായിട്ടാണെന്നും എല്ലാ ക്രൈസ്തവരെയുംപോലെ തന്റെ ദൈവവിളിയും ഒരു മിഷനറിയാകാനും ദൈവവചനം എല്ലാവരോടും പ്രഘോഷിക്കാനുമാണെന്നാണ്.
തന്നെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് പെറുവിലെ അനുഭവങ്ങളായിരുന്നുവെന്ന് മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2015ലാണ് അദ്ദേഹം പെറുവിന്റെ പൗരത്വം സ്വീകരിച്ചത്. അമേരിക്കൻ പൗരനാണെങ്കിലും ആ സന്പന്നരാജ്യത്തിന്റെ ലേബലിൽ അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിട്ടില്ല.
തങ്ങളുടെ പ്രിയ മെത്രാൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദാരവത്തിലാണ് പെറുവിലെ 76 ശതമാനം വരുന്ന കത്തോലിക്കാവിശ്വാസികൾ. വിവരമറിഞ്ഞയുടൻ രാജ്യത്തെ എല്ലാ പള്ളികളിലും മണികൾ മുഴക്കുകയും വിശ്വാസികൾ കൂട്ടത്തോടെയെത്തി മധുരം പങ്കിട്ട് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലെ എല്ലാ പള്ളികളിലും പ്രത്യേക വിശുദ്ധ കുർബാനയും സ്തോത്രഗീതാലാപനവുമുണ്ടായിരുന്നു.