വോട്ടെടുപ്പ് തുടങ്ങി; മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് തുടക്കം
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻ
Thursday, May 8, 2025 4:12 AM IST
വത്തിക്കാൻ സിറ്റി: ലോകം കാത്തിരുന്ന നിർണായക നിമിഷങ്ങൾ ആഗതമായി. വിശുദ്ധ പത്രോസിന്റെ അടുത്ത പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് തുടക്കം. പ്രാദേശികസമയം ഇന്നലെ രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ‘പ്രോ എലിജെൻദോ റൊമാനോ പൊന്തിഫീച്ചെ’ (റോമൻ പൊന്തിഫിന്റെ തെരഞ്ഞെടുപ്പിനായി) വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ സംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബത്തിസ്ത റേ മുഖ്യകാർമികത്വം വഹിച്ചു.
സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവഹിതമനുസരിച്ചുള്ള മാർപാപ്പയെ തെരഞ്ഞെടുക്കാൻ പരിശുദ്ധാത്മാവിന്റെ പ്രകാശം കർദിനാൾമാർക്കു ലഭിക്കാനായി പരിശുദ്ധ കന്യകമറിയത്തിനൊപ്പം പ്രാർഥിക്കാമെന്ന് അദ്ദേഹം തന്റെ വചനസന്ദേശത്തിൽ ആഹ്വാനം ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കായി പ്രദക്ഷിണമായാണു കര്‍ദിനാൾമാർ അള്ത്താരയ്ക്കരികെ എത്തിയത്.
തുടർന്ന് പ്രാദേശികസമയം വൈകുന്നേരം 4.30 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ കർദിനാൾ ഇലക്ടർമാർ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ നേതൃത്വത്തിൽ പ്രാർഥനകൾക്കുശേഷം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ട് പ്രദക്ഷിണമായി സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിച്ചു. തുടർന്ന് ഓരോരുത്തരായി ചാപ്പലിലെ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു.
തെരഞ്ഞെടുപ്പു പ്രക്രിയയുടെ പൂർണമായ രഹസ്യാത്മകതയും പവിത്രതയും കാത്തുസൂക്ഷിച്ചുകൊള്ളാമെന്നായിരുന്നു ഈ ദൃഢപ്രതിജ്ഞ. തുടർന്ന് അതുവരെയുണ്ടായിരുന്ന സഹായികളെയും മാധ്യമപ്രവർത്തകരെയും പുറത്താക്കി സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ അടയ്ക്കുകയും ആദ്യവോട്ടെടുപ്പ് ആരംഭിക്കുകയും ചെയ്തു.
ഫ്രാൻസിസ് മാർപാപ്പയുടെ ധ്യാനഗുരുവായിരുന്ന കർദിനാൾ കാന്താലമെസേ പങ്കുവച്ച ധ്യാനചിന്തകൾക്കു പിന്നാലെയായിരുന്നു ആദ്യ വോട്ടെടുപ്പ്. കോൺക്ലേവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനാണ് അധ്യക്ഷത വഹിച്ചത്.
ഇന്നലെ നടന്ന ആദ്യ വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഇന്നു രാവിലെ വീണ്ടും പ്രാർഥനകളും വോട്ടെടുപ്പും നടക്കും. ഇതനുസരിച്ച് പ്രാദേശികസമയം ഇന്നു രാവിലെ 7.45ന് സാന്താ മാർത്തയിൽനിന്ന് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് യാത്രയാകുന്ന കർദിനാൾമാർ വിശുദ്ധ പൗലോസിന്റെ ചാപ്പലിൽ രാവിലെ 8.15ന് പ്രഭാതപ്രാർഥനയും വിശുദ്ധ കുർബാനയർപ്പണവും നടത്തും. തുടർന്ന് സിസ്റ്റൈൻ ചാപ്പലിൽ 9.15ന് രണ്ടാം യാമപ്രാർഥനയും തുടർന്ന് വോട്ടെടുപ്പുകളും നടക്കും.
വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് 10.30നോ 12നോ വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും. ഈ വോട്ടെടുപ്പുകളിലും ഒരാളെ തെരഞ്ഞെടുക്കാനായില്ലെങ്കിൽ 12.30ന് ഉച്ചഭക്ഷണത്തിനായി കർദിനാൾമാർ തിരികെ സാന്താ മാർത്തയിലേക്കു പോകും.
ഉച്ചകഴിഞ്ഞ് 3.45നായിരിക്കും വോട്ടെടുപ്പിനായി കർദിനാൾമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലേക്കെത്തുക. ഉച്ചകഴിഞ്ഞുള്ള പ്രഥമ വോട്ടെടുപ്പ് വൈകുന്നേരം 4.30നായിരിക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വൈകുന്നേരം 5.30നും രാത്രി ഏഴിനും വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും. തുടർന്ന് സായാഹ്ന യാമപ്രാർഥനകൾ നടക്കും. 7.30ന് കർദിനാൾമാർ തിരികെ സാന്താ മാർത്തയിലേക്കു യാത്രയാകും.
ഇന്നു രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന ആദ്യ വോട്ടെടുപ്പുകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പുകൾക്കു ശേഷമായിരിക്കും പുക ഉയരുകയെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. കോൺക്ലേവിന്റെ ഭാഗമായി സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന പ്രാർഥനകൾ ലത്തീൻ ഭാഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിലും പ്രാർഥന
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുർബാനയിൽ മലയാളത്തിൽ ഉൾപ്പെടെ വ്യത്യസ്ത ഭാഷകളിൽ പ്രാർഥനകൾ ഉണ്ടായിരുന്നു. “വിദ്വേഷം, അക്രമം, രോഗം, നിരാശ എന്നിവയാൽ ക്ലേശിക്കുന്നവരെ കർത്താവേ അങ്ങു സമാശ്വസിപ്പിക്കണമേ” എന്ന പ്രാർഥനയാണു മലയാളത്തിൽ ചൊല്ലിയത്.
വോട്ടവകാശമുള്ളവരും വോട്ടവകാശം ഇല്ലാത്തവരുമായ കര്‍ദിനാൾമാരും നൂറിലേറെ മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും പങ്കെടുത്തു.