ആഘോഷ രാവിൽ ഇസ്രയേലും പലസ്തീനും
Friday, October 10, 2025 3:27 AM IST
ടെൽ അവീവ്/ഗാസ സിറ്റി: വെടിനിർത്തൽ ധാരണയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇസ്രയേലിലും പലസ്തീനിലും തുടങ്ങിയ ആഹ്ലാദാരവം രാത്രി വൈകിയും തുടരുകയാണ്.
ഗാസയിലെ തെരുവുകളിൽ കൈയടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയുമൊക്കെയാണ് പലസ്തീനികളുടെ സംഘങ്ങൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതെങ്കിൽ ടെൽ അവീവ് അടക്കം ഇസ്രയേലിലെ നഗരങ്ങളിലെല്ലാം ദേശീയപതാക വീശിയും വിട്ടുകിട്ടാനുള്ള ബന്ദികളുടെ ചിത്രങ്ങളുമൊക്കെ വഹിച്ചുമാണ് ഇസ്രേലി പൗരന്മാർ സന്തോഷം പങ്കുവയ്ക്കുന്നത്.
സന്തോഷാശ്രുക്കളുമായി നൃത്തം ചവിട്ടിയും പാട്ടുപാടിയും ടെൽ അവീവിലെ ‘ബന്ദികളുടെ ചത്വരത്തിൽ’ ഇന്നലെ ആയിരങ്ങളാണ് തടിച്ചുകൂടിയത്. നിരത്തുകളിലും ആഹ്ലാദാരവം പ്രകടമായിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആ ഭീകരദിനത്തിനുശേഷം ഇതാദ്യമായാണ് ഇസ്രേലി ജനത മനസ് തുറന്ന് ആഹ്ലാദിക്കുന്നതെന്ന് ടെൽ അവീവ് നിവാസിയായ ഫെൽസ് റൂസോ പറഞ്ഞു.
ടെൽ അവീവ് നഗരത്തിലെ ‘ബന്ദികളുടെ ചത്വരത്തിൽ’ ശുഭവാർത്തയ്ക്കായി രണ്ടു വർഷമായി കാത്തിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങൾ ഇക്കാര്യം വിശ്വസിക്കാൻ പ്രയാസമായിരുന്നുവെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. മദാൻ എന്ന ബന്ദിയുടെ പിതാവ് ഇനാവ് സൗഗൗക്കറിന് സന്തോഷം മൂലം ശബ്ദമില്ലാതായി. ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്നും അനുഭവിക്കുന്ന വികാരം പറഞ്ഞറിയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പnസ്തീനികൾ ഇസ്രേലി ആക്രമണം പോലും അവഗണിച്ച് തെരുവുകളിൽ ആഹ്ലാദപ്രകടനം തുടർന്നത്രേ. തങ്ങൾ മാത്രമല്ല, ഗാസ മുഴുവൻ സന്തോഷത്തിലാണെന്ന് പലസ്തീനികൾ പറഞ്ഞു.
ഇസ്രയേലിന് ഇതു മഹത്തായ ദിനമാണെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പറഞ്ഞു. വെടിനിർത്തൽ ധാരണ ഇസ്രയേലിന്റെ നയതന്ത്ര വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നെതന്യാഹുവിന്റെ സർക്കാരിനെ നിലനിർത്തുന്ന തീവ്രപാർട്ടികളുടെ നേതാക്കൾ ഭിന്നസ്വരം പ്രകടിപ്പിച്ചു. ബന്ദികളെ വിട്ടുകിട്ടിയാലുടൻ ഹമാസിനെ നശിപ്പിക്കണമെന്ന് ധനമന്ത്രി ബെസാലേൽ സ്മോട്രിച്ച് അഭിപ്രായപ്പെട്ടു.
ഇതിനിടെ, ബുധനാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഗാസയിൽ ഇസ്രേലി ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ ഒന്പതുപേർകൂടി മരിച്ചെന്നാണ് ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചത്.