ഗാസയിൽ വെടിനിർത്തൽ; ബന്ദിമോചനം തിങ്കളാഴ്ചയോടെ
Friday, October 10, 2025 3:27 AM IST
ഷാം എൽ ഷേഖ്: രണ്ടു വർഷം പിന്നിട്ട ഗാസ യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിച്ച് ഇസ്രയേലും ഹമാസ് ഭീകരരും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ പദ്ധതിയുടെ ഒന്നാം ഘട്ടം അംഗീകരിച്ചു.
ഇതു പ്രകാരം ഹമാസിന്റെ കസ്റ്റഡിയിൽ ജീവനോടെയുള്ള 20 ഇസ്രേലി ബന്ദികളെ ഉടൻ മോചിപ്പിക്കും. പകരമായി ഇസ്രേലി സേന ഗാസയുടെ ചില ഭാഗങ്ങളിൽനിന്നു പിന്മാറുകയും ഇസ്രേലി ജയിലുകളിലുള്ള 2,000 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുകയും ചെയ്യും.
ഈജിപ്തിലെ ഷാം എൽ ഷേഖിൽ തിങ്കളാഴ്ച മുതൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിലാണു സുപ്രധാന തീരുമാനം. പ്രസിഡന്റ് ട്രംപ് ആണ് ഇക്കാര്യം ആദ്യം പുറംലോകത്തെ അറിയിച്ചത്. ഗാസയിലെ എല്ലാ ബന്ദികളും തിങ്കളാഴ്ചയോടെ മോചിതരാകുമെന്നു ട്രംപ് പറഞ്ഞു.
ലോകനേതാക്കളും ധാരണയെ സ്വാഗതം ചെയ്തു. ഇസ്രയേലിലും പലസ്തീൻ പ്രദേശങ്ങളിലും ജനങ്ങൾ ആഹ്ലാദപ്രകടനം നടത്തി.
അതേസമയം, ധാരണയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. യുദ്ധാനന്തര ഗാസയുടെ ഭരണം സംബന്ധിച്ച കാര്യങ്ങളിലും തീരുമാനമായിട്ടില്ല.
ഇന്നലെ രാത്രി ചേർന്ന ഇസ്രേലി കാബിനറ്റ് യോഗം വെടിനിർത്തൽ ധാരണ ചർച്ച ചെയ്തു.കാബിനറ്റിന്റെ അംഗീകാരം ലഭിച്ചാൽ യോഗത്തിനു ശേഷം 24 മണിക്കൂറിനകം വെടിനിർത്തൽ പ്രാബല്യത്തിലാകും.വെടിനിർത്തലുണ്ടായി 24 മണിക്കൂറിനകം ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. സേനാ പിന്മാറ്റം പൂർത്തിയായി 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ മോചിപ്പിക്കണം.
വെടിനിർത്തൽ പ്രാബല്യത്തിലായി ആദ്യ അഞ്ചു ദിവസം പ്രതിദിനം 400 ട്രക്ക് സഹായവസ്തുക്കൾ ഇസ്രയേൽ ഗാസയ്ക്ക് അനുവദിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ട്രക്കുകളുടെ എണ്ണം 600 ആയി വർധിപ്പിക്കും. ഗാസയിലെ ഇസ്രേലി സേനയുടെ പിന്മാറ്റവും സഹായവിതരണവും ധാരണയിൽ ഉൾപ്പെടുന്നതായി ഹമാസ് സ്ഥിരീകരിച്ചു.
ട്രംപ് മുന്നോട്ടുവച്ച 20 ഇന വെടിനിർത്തൽ പദ്ധതിയാണ് ഈജ്പതിൽ ചർച്ച ചെയ്യുന്നത്. നോർവേയിൽ ഇന്ന് സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കേയാണ് ഈജിപ്തിൽനിന്നു ശുഭവാർത്തയുണ്ടായത്.
2023 ഒക്ടോബർ ഏഴിനു ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കി.