ഇസ്രയേൽ- ഹമാസ് സംഘർഷ നാൾവഴി
Friday, October 10, 2025 3:26 AM IST
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കിഴക്ക് ജോർദാൻ നദിക്കും പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലിനും ഇടയിലുള്ള പ്രദേശം ഉൾക്കൊള്ളുന്ന മേഖലയിലെ ദീർഘകാല പോരാട്ടത്തിന്റെ ചരിത്രമാണത്. കാലക്രമേണ വിവിധ രാജ്യാന്തര അജൻഡകളും അവകാശവാദങ്ങളും അതിനെ രൂപപ്പെടുത്തി. ഈ സംഘർഷത്തിന് ആഴത്തിലുള്ള ചരിത്രപരമായ വേരുകളുണ്ട്.
1947ലെ പ്രാരംഭ യുഎൻ വിഭജന പദ്ധതി മുതൽ 1973ലെ യോം കിപ്പുർ യുദ്ധം വരെ; 2023 ഒക്ടോബറിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രയേൽ-ഹമാസ് യുദ്ധം വരെ. രണ്ടുവർഷംമുന്പ് ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് ഭീകരരുടെ അപ്രതീക്ഷിത കടന്നാക്രമണമുണ്ടായി.
മറ്റ് പലസ്തീൻ സായുധസംഘങ്ങളും അവരെ പിന്തുണച്ചു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്. ഗാസയിലെ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാരകമായ പ്രത്യാക്രമണത്തിലൂടെ ഇസ്രയേൽ പ്രതികരിച്ചു. ഇരുഭാഗത്തുനിന്നും രാജ്യാന്തരനിയമ ലംഘനങ്ങളുടെ പരന്പരതന്നെയുണ്ടായി.
കഴിഞ്ഞ രണ്ടുവർഷത്തെ സമാനതകളില്ലാത്ത യുദ്ധത്തിന്റെ നാൾവഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
►2023 ഒക്ടോബർ 7: ഹമാസും മറ്റ് പലസ്തീൻ ഭീകരരും തെക്കൻ ഇസ്രയേലിൽ അപ്രതീക്ഷിത ആക്രമണം നടത്തി. സാധാരണക്കാർ ഉൾപ്പെടെ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടു. തീവ്രവാദികൾ 240ഓളം ഇസ്രേലികളെ ബന്ദികളാക്കി ഗാസയിലേക്കു കൊണ്ടുപോയി.
►ഒക്ടോബർ 8: ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഗാസ മുനമ്പിൽ വിപുലമായ വ്യോമാക്രമണം. ഗാസയിൽനിന്ന് അഭയാർഥിപ്രവാഹം. പലസ്തീനികൾക്കുള്ള പിന്തുണ പ്രകടിപ്പിച്ച് ലെബനൻ ഭീകരരായ ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് മിസൈലുകൾ പ്രയോഗിച്ചു.
►ഒക്ടോബർ അവസാനം: വടക്കൻ ഗാസയിൽനിന്ന് ഒരു ദശലക്ഷത്തിലധികം സാധാരണക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ട ശേഷം, ഇസ്രേലി കരസേന ഈ പ്രദേശത്ത് പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചു.
►നവംബർ 24-30: ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ഏഴ് ദിവസത്തെ താത്കാലിക വെടിനിർത്തൽ. 240 പലസ്തീൻ തടവുകാർക്ക് പകരം 110 ഇസ്രേലി ബന്ദികളെ കൈമാറാൻ ഇത് സഹായിച്ചു. ജീവകാരുണ്യസഹായമെത്തിക്കാൻ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ പ്രമേയം പാസാക്കി. വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു.
►ഡിസംബർ 1: വെടിനിർത്തൽ നീട്ടുന്നതിനുള്ള ചർച്ചകൾ പരാജയപ്പെട്ടു. യുദ്ധം പുനരാരംഭിച്ചു. ഗാസയിൽ മരണം 15,000 കടന്നു.
►2024 ജനുവരി 2: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രേലി ഡ്രോൺ ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അരൂരിയടക്കം നാലുപേർ കൊല്ലപ്പെട്ടു.
►ജനുവരി 21: ഇസ്രയേലിന്റെ തീവ്രമായ ബോംബാക്രമണത്തിൽ മനുഷ്യദുരിതം ഏറിയതോടെ വെടിനിർത്തലിനുള്ള രാജ്യാന്തര സമ്മർദം വർധിച്ചു. ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ സംഖ്യം 25,000 കടന്നു.
►ഫെബ്രുവരി 14: കയ്റോയിൽ നടന്ന വെടിനിൽത്തൽ ചർച്ച പരാജയപ്പെട്ടു.
മാർച്ച് 9: ഹമാസ് നേതൃത്വത്തിലെ രണ്ടാമനായ മർവൻ ഈസ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു.
►മാർച്ച് 25: ഗാസയെ സംബന്ധിച്ച പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. 15 അംഗ സമിതിയിലെ 14 പേരും അനുകൂലിച്ചു. അമേരിക്ക വിട്ടുനിന്നു.
►ഏപ്രിൽ: ഇസ്രേലി ഉദ്യോഗസ്ഥർ റാഫയിലേക്ക് അധിനിവേശം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അവിടെ അഭയം തേടുന്ന 1.5 ദശലക്ഷം പലസ്തീനികളുടെ സുരക്ഷ രാജ്യാന്തര നിരീക്ഷകരെ ആശങ്കപ്പെടുത്തി. ഏപ്രിലിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വേൾഡ് സെൻട്രൽ കിച്ചണിൽനിന്നുള്ള ഏഴ് സഹായ പ്രവർത്തകർ കൊല്ലപ്പെടുകയും രാജ്യാന്തര പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തു. ഇസ്രയേലും ഇറാനും പരസ്പരം നേരിട്ട് ആക്രമണം നടത്തി.
►മേയ്: കൊല്ലപ്പെട്ട പലസ്തീൻകാരുടെ സംഖ്യ 35,000 കടന്നു. രാജ്യാന്തര മുന്നറിയിപ്പുകളും ചില ആയുധ കയറ്റുമതിയിൽ അമേരിക്കയുടെ താത്കാലിക വിരാമവും ഉണ്ടായിരുന്നിട്ടും, ഇസ്രയേൽ റാഫയെ ആക്രമിച്ചു. മേയ് ആറിന് ഹമാസ് വെടിനിർത്തൽ നിർദേശം അംഗീകരിച്ചെങ്കിലും ഇസ്രയേൽ ആക്രമണം തുടർന്നു. യുദ്ധം ആറുമാസം പിന്നിട്ടതോടെ ഗാസയിലെ ഭൂരിഭാഗം ആശുപത്രികളും തകർന്നു.
►ജൂൺ: ഇസ്രേലി സൈന്യം നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ നാല് ബന്ദികളെ രക്ഷപ്പെടുത്തി. പലസ്തീനികൾക്ക് കനത്ത നാശനഷ്ടം.
►ജൂലൈ: ഇസ്രേലി സൈന്യം വ്യോമാക്രമണത്തിൽ ഹമാസ് സൈനിക നേതാവ് മുഹമ്മദ് ഡീഫിനെ വധിച്ചു. ആ മാസാവസാനം ഹമാസിന്റെ രാഷ്ട്രീയനേതാവ് ഇസ്മയിൽ ഹനിയേ ടെഹ്റാനിൽവച്ച് കൊല്ലപ്പെട്ടു. പലസ്തീൻ പ്രദേശങ്ങൾ ഇസ്രയേൽ കൈവശപ്പെടുത്തുന്നത് രാജ്യാന്തരനിയമപ്രകാരം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) കണ്ടെത്തി.
►ഓഗസ്റ്റ്: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കരയാക്രമണം ആരംഭിച്ചു. ഗാസയിൽ പോളിയോവൈറസ് കണ്ടെത്തി, യുഎൻ ഏജൻസികൾ വാക്സിനേഷൻ കാമ്പയിൻ താത്കാലികമായി നിർത്താൻ അഭ്യർഥിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവയുടെ നേതൃത്വത്തിൽ നടന്ന സമാധാനചർച്ച പരാജയപ്പെട്ടു.
►സെപ്റ്റംബർ: ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയതിന് "ന്യായമായ കാരണങ്ങൾ’യുഎൻ റിപ്പോർട്ട് കണ്ടെത്തി. യുകെ, ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ എന്നിവയുൾപ്പെടെ നിരവധി പാശ്ചാത്യരാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഈ നീക്കത്തെ അപലപിച്ചു. ബന്ദികളുടെ മോചനത്തിൽ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലിൽ പ്രക്ഷോഭം.
►സെപ്റ്റംബർ 17-18: ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ വലിയ ആക്രമണം നടത്തി. ലെബനനിലും സിറിയയിലുമായി മൂവായിരത്തോളം പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ചു.
►സെപ്റ്റംബർ 27: ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ള ബെയ്റൂട്ടിൽ ഇസ്രേലി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ലബനനിൽ അധിനിവേശം ആരംഭിക്കുകയും ചെയ്തു. ഇസ്രയേലിനുനേരേ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു.
►ഒക്ടോബർ 1: ഇസ്രയേലിലേക്ക് ഇറാന്റെ മിസൈലാക്രമണം. ലബനനിൽ ഇസ്രയേലിന്റെ കരയാക്രമണം.
►ഒക്ടോബർ 17: റാഫ പ്രദേശത്ത് ഹമാസ് നേതാവ് യഹ്യ സിൻവാറിനെ ഇസ്രയേൽ സൈന്യം വധിച്ചതായി പ്രഖ്യാപിച്ചു.
►നവംബർ 6: പ്രതിരോധമന്ത്രി യോയവ് ഗാലന്റിനെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കി.
►നവംബർ 9: വെടിനിർത്തൽ ചർച്ചയുടെ ഇടനിലയിൽനിന്ന് ഖത്തർ പിന്മാറി.
►നവംബർ 21: യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ഡീഫ് എന്നിവർക്കെതിരേ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
►നവംബർ 27: ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നു. യുഎസും ഫ്രാൻസുമാണ് ചർച്ച നടത്തിയത്.
►ഡിസംബർ 16: ഗാസയിൽ മരണസംഖ്യ 45,000 കടന്നു. മധ്യസ്ഥശ്രമങ്ങൾ വീണ്ടും ഊർജിതമായി.
►2025 ജനുവരി 19: മാസങ്ങൾ നീണ്ട മധ്യസ്ഥതയ്ക്കുശേഷം ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ മൂന്ന് ഘട്ട വെടിനിർത്തൽ ആരംഭിച്ചു. പലസ്തീൻ തടവുകാർക്ക് പകരമായി ഇസ്രേലി ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കുന്നതും അതിൽ ഉൾപ്പെടുന്നു.
►മാർച്ച്: ഇരുഭാഗത്തുനിന്നും ലംഘന ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് വെടിനിർത്തൽ അവസാനിച്ചു. ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചു. സഹായം തടഞ്ഞു. ഇതെല്ലാംപുതിയ സംഘർഷത്തിലേക്ക് നയിച്ചു.
►മേയ്-സെപ്റ്റംബർ: ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടയിലും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെപ്റ്റംബർ അവസാനത്തോടെ സമഗ്ര സമാധാന പദ്ധതി അനാവരണം ചെയ്തു.
►ഒക്ടോബർ 3: ട്രംപിന്റെ പദ്ധതിപ്രകാരം ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും ശാശ്വതമായ വെടിനിർത്തൽ ചർച്ച ചെയ്യാനും ഹമാസ് സമ്മതിച്ചു. മോചനം സുഗമമാക്കുന്നതിന് ബോംബാക്രമണം നിർത്താൻ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
►ഒക്ടോബർ 4-5: ട്രംപിന്റെ വെടിനിർത്തൽ ആഹ്വാനം ഉണ്ടായിട്ടും, ഇസ്രയേൽ ഗാസയിൽ ആക്രമണം തുടർന്നു. ഡസൻ കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു.
►ഒക്ടോബർ 6: ട്രംപിന്റെ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇസ്രയേൽ, ഹമാസ് പ്രതിനിധികളും മധ്യസ്ഥരും ഈജിപ്തിലെ ഷാം എൽ ഷേഖിൽ ചർച്ച തുടങ്ങി.
►ഒക്ടോബർ 8 ചർച്ചകൾ വേഗത്തിലാക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ, ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഖത്തർ പ്രധാനമന്ത്രി ഷേഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ എന്നിവർകൂടി പങ്കാളികളായി.
►ഒക്ടോബർ 9 രണ്ടു വർഷം പിന്നിട്ട ഗാസ യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിച്ച് ഇസ്രയേലും ഹമാസ് ഭീകരരും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ പദ്ധതിയുടെ ഒന്നാംഘട്ടം അംഗീകരിച്ചു.