ട്രംപും സിസിയും ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കും
Monday, October 13, 2025 1:42 AM IST
കയ്റോ: ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ വിനോദ സഞ്ചാര കേന്ദ്രമായ ഷാം എൽ ഷേഖിൽ ഇന്നു നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പ്രമുഖ പാശ്ചാത്യ നേതാക്കളടക്കം ഇരുപതിലധികം രാജ്യപ്രതിനിധികൾ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസിയും ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കും.
ഗാസയുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതിയിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കാനാണ് ഉച്ചകോടി. പദ്ധതിയിലെ ഇതര നിർദേശങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. രണ്ടു വർഷമായി തുടരുന്ന യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിന് ഉച്ചകോടി വഴിയൊരുക്കുമെന്നാണു സൂചന.
രണ്ടു വർഷം നീണ്ട ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഒപ്പുവയ്ക്കാനാണ് ഉച്ചകോടി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണി തുടങ്ങിയവരും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചു.
ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കുമോ എന്നതു സംബന്ധിച്ച അറിയിപ്പുണ്ടായിട്ടില്ല. ഹമാസ് പ്രതിനിധികൾ പങ്കെടുക്കില്ലെന്നറിയിച്ചിട്ടുണ്ട്.