കൊല്ലപ്പെട്ടത് 67,183 പേരെന്ന് ഹമാസ്, ഊതിപ്പെരുപ്പിച്ച സംഖ്യയെന്ന് ഇസ്രയേല്‍
Friday, October 10, 2025 3:26 AM IST
ഗാസയില്‍ രണ്ടു വർഷമായി തുടരുന്ന ഇസ്രേലി ആക്രമണത്തില്‍ 67,183 പേർ കൊല്ലപ്പെടുകയും 169,841 പേർക്കു പരിക്കേൽക്കുകയും ചെയ്തതായാണു ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം പറയുന്നത്.
ഗാസ മേഖലയില്‍ ഇസ്രയേല്‍ നടപ്പാക്കുന്ന ഉപരോധമുണ്ടാക്കിയ ക്ഷാമം മൂലവും ആയിരക്കണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ, ഗാസയ്ക്കുനേരേ ഇസ്രയേല്‍ നടത്തുന്ന സൈനികനീക്കവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മരണക്കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹമാസ് പുറത്തുവിട്ട മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ അതിശയോക്തി നിറഞ്ഞതാണെന്നും ഇസ്രയേൽ വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ ഏഡന്‍ ബാര്‍ താല് പറഞ്ഞു.
ഇത്തരം പട്ടികയില്‍ പലപേരുകളും നിരവധി തവണ ആവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസയിലെ മരണങ്ങള് 67,000 പിന്നിട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഈ സംഖ്യകള്‍ അതിശയോക്തികരമാണെന്ന് പറയാന്‍ കഴിയും.
അവരുടെ പട്ടികയില്‍ ഒരേ വ്യക്തികള്‍ മൂന്നുമുതല്‍ അഞ്ചുവരെ തവണ മരിക്കുന്നുണ്ട്. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം മറ്റു രാജ്യങ്ങളില്‍ കൊല്ലപ്പെടുന്ന തീവ്രവാദി-സിവിലിയന്‍ അനുപാതത്തേക്കാള്‍ കുറവാണെന്നും വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ അവകാശപ്പെട്ടു.
ഗാസയില്‍ 20,000 വരെ ഹമാസ് പ്രവര്‍ത്തകര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസിനെതിരേ ഇറാക്കില്‍ അമേരിക്ക നടത്തിയ സൈനികനീക്കത്തില്‍ സിവിലിയന്‍- ഭീകരവാദി അനുപാതം വളരെ ഉയര്‍ന്നതായിരുന്നു.
ഒരു ഭീകരവാദി കൊല്ലപ്പെട്ടപ്പോള്‍ 27 സാധാരണക്കാര്‍ മരിച്ചിരുന്നു. ഗാസയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ഹമാസ് ഭീകരന് ഒന്ന്, അല്ലെങ്കില്‍ രണ്ട് എന്നനിലയില്‍ മാത്രമാണു സിവിലിയന്‍ മരണങ്ങള് ഉണ്ടായിട്ടുള്ളതെന്നും വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഇസ്രയേല്‍ ആക്രമണം സിവിലിയന്‍ മരണങ്ങളെ പ്രതിരോധിക്കുകയാണു ചെയ്തത്. ലോകത്ത് മറ്റൊരു സൈന്യവും ഇത്രയധികം സിവിലിയന്മാരെ സംരക്ഷിച്ചിട്ടില്ലെന്നും ഏഡന്‍ ബാര്‍ താല് കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ടത് 252 മാധ്യമപ്രവർത്തകർ
ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തെത്തുടർന്ന് 2023 ഒക്ടോബർ എട്ടിന് ഇസ്രേലി സേന ഗാസയിൽ ആരംഭിച്ച ആക്രമണം രണ്ടു വർഷം പിന്നിടുന്പോൾ കൊല്ലപ്പെട്ട ത് 252 മാധ്യമപ്രവർത്തകരെന്ന് ഗാസ ആരോഗ്യമന്ത്രാലയം. ഇതുവരെ 1722 ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഗാസയിലെ 36 ആശുപത്രികളിൽ 14 എണ്ണം മാത്രമേ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നുള്ളൂ.