പുതിയ മിസൈൽ പ്രദർശിപ്പിച്ച് ഉത്തരകൊറിയ
Saturday, October 11, 2025 11:13 PM IST
പ്യോഗ്യാംഗ്: ഉത്തരകൊറിയയിലെ വർക്കേഴ്സ് പാർട്ടി സ്ഥാപിതമായതിന്റെ 80ാം വാർഷികത്തോട് അനുബന്ധിച്ച് വിപുലമായ സൈനിക പരേഡ് അരങ്ങേറി.
ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ്-20 പരേഡിൽ പ്രദർശിച്ചു. വിവിധതരം ഡ്രോണുകളും മിസൈലുകളും പരേഡിൽ നിരന്നു.
പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഉത്തകൊറിയൻ നേതാവായ കിം ജോംഗ് ഉൻ പരേഡ് വീക്ഷിച്ചു.
റഷ്യയിലെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്, ചൈനീസ് പ്രധാനമന്ത്രി ലി ഖ്വിയാംഗ്, വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി തോ ലാം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇതോടനുബന്ധിച്ച് ഉത്തരകൊറിയയും വിയറ്റ്നാമും പ്രതിരോധ മേഖലയിലടക്കം സഹകരണം വർധിപ്പിക്കുന്ന കരാർ ഒപ്പുവച്ചു.