സന്തോഷം പങ്കിടാൻ ട്രംപ് ഞായറാഴ്ച ഇസ്രയേലിലേക്ക്
Friday, October 10, 2025 3:27 AM IST
രണ്ടു വർഷത്തെ യുദ്ധത്തിനുശേഷം ഗാസയും ഇസ്രയേലും സമാധാനത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷം ഇസ്രേലി ജനതയ്ക്കൊപ്പം പങ്കിടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുന്നു.
അടുത്ത ഞായറാഴ്ചയായിരിക്കും ട്രംപിന്റെ സന്ദർശനമെന്നാണു സൂചന. ഞായറാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിന് ടെൽ അവീവിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ട്രംപിന് ഗംഭീര വരവേല്പായിരിക്കും ഒരുക്കുക.
ടെൽ അവീവിലെ സന്ദർശനത്തിനുശേഷം ജറുസലെമിലേക്കു പോകുന്ന ട്രംപ് അവിടെ ഇസ്രേലി ക്നെസെറ്റിനെ (നിയമനിർമാണ സഭ) അഭിസംബോധന ചെയ്യും. തുടർന്ന് നെതന്യാഹുവിനൊപ്പം വെസ്റ്റേൺ വാൾ സന്ദർശിച്ച് പ്രാർഥനയിൽ പങ്കെടുക്കും.
ഞായറാഴ്ച രാത്രിതന്നെ ട്രംപ് മടങ്ങുമെന്നാണ് റിപ്പോർട്ട്. അതേസമയം, ബന്ദികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ടെൽ അവീവിലെ ഹോസ്റ്റേജ് സ്ക്വയറിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് മോചിപ്പിക്കപ്പെട്ട ബന്ദികളുടെയും കാണാതായ കുടുംബങ്ങളുടെയും സംഘടനയായ ഹോസ്റ്റേജസ് ആൻഡ് മിസിംഗ് ഫാമിലീസ് ഫോറം ട്രംപിനോട് അഭ്യർഥിച്ചിട്ടുണ്ട്.
ഇസ്രയേലിൽ അടുത്തദിവസം നടത്താനിരിക്കുന്ന സന്ദർശനവേളയിൽ കൂടിക്കാഴ്ച നടത്താൻ തയാറായാൽ അതു ഞങ്ങൾക്ക് വലിയൊരു ആശ്വാസവും ആദരവുമായിരിക്കുമെന്നും ട്രംപിനുള്ള കത്തിൽ സംഘടന പറഞ്ഞു.
ബന്ദികളെയും അവരുടെ കുടുംബാംഗങ്ങളെയും സന്ദർശിക്കണമെന്ന് ട്രംപിനോട് നെതന്യാഹുവും ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാന കരാറിൽ ധാരണയായതോടെ നെതന്യാഹു ട്രംപിനെ ഫോണിൽ വിളിച്ചിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ടെലിഫോൺ സംഭാഷണം ഏറെ വികാരഭരിതമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ ഫോൺകോളിലാണ് ഇസ്രയേൽ സന്ദർശിക്കാൻ ട്രംപിനെ ക്ഷണിച്ചത്.