ബന്ദികൾ
Friday, October 10, 2025 3:26 AM IST
ടെൽ അവീവ്: 2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിൽ തെക്കൻ ഇസ്രയേലിൽനിന്ന് ജീവനോടെയും കൊലപ്പെടുത്തിയും തട്ടിക്കൊണ്ടുപോകപ്പെരിൽ 48 പേർകൂടി ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരരുടെ കസ്റ്റഡിയിലുണ്ടെന്നാണ് അനുമാനം. ഇതിൽ ഏതാണ്ട് 20 പേരേ ജീവനോടെയുള്ളൂവെന്നും കരുതുന്നു.
ഇസ്രേലി നേതൃത്വത്തെ പ്രകോപിപ്പിക്കാനായി ബന്ദികളുടെ വീഡിയോകൾ ഹമാസ് ഭീകരർ ഇടയ്ക്കിടെ പുറത്തുവിട്ടിരുന്നു. മെലിഞ്ഞ് എല്ലും തോലുമായ ബന്ദികളുടെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. ഇനി അധികകാലം ജീവനോടെയുണ്ടാകുമോ എന്നു തോന്നിപ്പോകുംവിധമായിരുന്നു ഇവരുടെ അവസ്ഥ.
ഈജിപ്തിലെ വെടിനിർത്തൽ ചർച്ചയിൽ ജീവനോടെയുള്ള എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കാൻ ഹമാസ് സമ്മതിച്ചിട്ടുണ്ട്. ബന്ദികളെ തിങ്കളാഴ്ചയ്ക്കുള്ളിൽ വിട്ടുകിട്ടുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചത്. എന്നാൽ, മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഹമാസ് സമയം ചോദിച്ചേക്കാം. പലരെയും സംസ്കരിച്ചുവെന്നാണു ഹമാസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ഭീകരാക്രമണത്തിൽ 251 ബന്ദികളെയാണ് ഹമാസ് ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്.
2023 നവംബറിൽ ഒരാഴ്ച നീണ്ട ഒന്നാം വെടിനിർത്തലിലും 2025 ജനുവരി മുതൽ മാർച്ച് വരെ നീണ്ട രണ്ടാം വെടിനിർത്തലിലുമായി 148 പേർ മോചിതരായി. ഹമാസിന്റെ ആക്രമണത്തിലും അബദ്ധത്തിൽ ഇസ്രയേലിന്റെ വെടിയേറ്റും ചില ബന്ദികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ബന്ദി മോചനത്തിനു പകരം ഇസ്രേലി ജയിലുകളിൽ കഴിയുന്ന 2,000 പലസ്തീനികളെ വിട്ടയയ്ക്കും. ഇതിൽ 250 പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്. അവശേഷിക്കുന്നവർ 2023 ഒക്ടോബർ ഏഴിനുശേഷം അറസ്റ്റിലായവരും. മോചിപ്പിക്കാൻ ഹമാസ് ഇസ്രയേലിനു നല്കിയ പട്ടികയിൽ പ്രമുഖ പലസ്തീൻ നേതാക്കളായ മർവാൻ ബർഹൂതി, അഹമ്മദ് സാദത്ത് എന്നിവരും ഉൾപ്പെടുന്നു. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന്റെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണു ബർഹൂതി.
അഞ്ചു പേരുടെ മരണത്തിനു കാരണമായ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസിൽ 2004ൽ ഇസ്രയേൽ കോടതി ശിക്ഷിച്ച ഇദ്ദേഹം അഞ്ചു ജീവപര്യന്തവും പുറമേ 40 വർഷത്തെ ശിക്ഷയും അനുഭവിച്ചുവരികയാണ്.
പലസ്തീൻ വിമോചന പോപ്പുലർ ഫ്രണ്ടിന്റെ നേതാവായ സാദത്ത് 30 വർഷത്തെ തടവ് അനുഭവിക്കുകയാണ്.